Entertainment

‘മമ്മൂട്ടി സാറിനെപ്പോലെ തന്നെ വളരെ വിനയമുള്ള വ്യക്തിയാണ് ദുൽഖറും’; മീനാക്ഷി ചൗധരി

ദുൽഖർ സൽമാൻ, മീനാക്ഷി ചൗധരി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ക്രൈം ഡ്രാമയാണ് ‘ലക്കി ഭാസ്കർ’. മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്ന സിനിമക്ക് വലിയ കളക്ഷനുമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചും ദുൽഖറിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ചിത്രത്തിൽ സുമതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ചൗധരി.

കൊച്ചിയിലെ ലക്കി ഭാസ്കറിന്റെ പ്രൊമോഷനിടെ ദുൽഖറിന്റെ വീട്ടിൽ ഡിന്നറിന് പോയപ്പോൾ മമ്മൂട്ടിയെ കണ്ട് താൻ ആശ്ചര്യപെട്ടുപോയി. ഒരു മികച്ച അഭിനേതാവിനൊപ്പം വളരെ സിംപിൾ ആയ മനുഷ്യനും കൂടിയാണ് അദ്ദേഹം. മമ്മൂട്ടി സാറിനെപ്പോലെ തന്നെ വളരെ വിനയമുള്ള വ്യക്തിയാണ് ദുൽഖറും. മമ്മൂട്ടി സാറിനെപ്പോലെയുള്ള ഒരു അഭിനേതാവിന്റെ മകനായിട്ടും തന്നെത്തന്നെ മറക്കാതെ വളരെ ഗ്രൗണ്ടഡ് ആയിട്ടാണ് ദുൽഖർ പെരുമാറുന്നതെന്നും മീനാക്ഷി പറഞ്ഞു. തന്റെ കഴിവുകളെക്കുറിച്ച് ദുൽഖറിന് പൂർണ ബോധ്യമുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ വളരെ ആത്മവിശ്വാസമാണ് അദ്ദേഹത്തിനുള്ളതെന്നും മീനാക്ഷി കൂട്ടിച്ചേർത്തു.

ഏഴ് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്നും 71.2 കോടിയാണ് ലക്കി ഭാസ്കർ നേടിയത്. ചിത്രത്തിന്റെ തിരക്കഥക്കും പ്രകടനങ്ങൾക്കും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ദുൽഖർ അവതരിപ്പിച്ച ഭാസ്കർ എന്ന കഥാപാത്രത്തിന് ഏറെ കൈയ്യടിയാണ് ലഭിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമല്ലാം സിനിമയ്ക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്.

1980-1990 കാലഘട്ടത്തിലെ കഥയാണ് ‘ലക്കി ഭാസ്‌കർ’ പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്. സിതാര എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂണ്‍ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

About the author

KeralaNews Reporter

Add Comment

Click here to post a comment