പാലക്കാട്: പാലക്കാട് കെപിഎം റീജന്‍സിയില്‍ നിന്ന് താന്‍ പുറത്തേക്ക് പോയത് വടകര എംപി ഷാഫി പറമ്പിലിന്റെ വാഹനത്തിലാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. വാഹനത്തില്‍ കുറച്ച് ദൂരം വരെ പോയി പ്രസ് ക്ലബിന്റെ മുന്നില്‍ നിന്ന് തന്റെ സ്വന്തം വാഹനത്തില്‍ കയറുകയായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി. പിന്നീട് കെ ആര് ടവറിന്റെ മുന്നില്‍ നിന്ന് തന്റെ വാഹനം സര്‍വീസിന് കൊടുക്കാന്‍ വേണ്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുഹൃത്തിന് കൈമാറുകയും അദ്ദേഹത്തിന്റെ വാഹനത്തില്‍ തന്നെ കോഴിക്കോട് പോകുകയും ചെയ്തെന്നും രാഹുല്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഇക്കാര്യങ്ങളെല്ലാം സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കാമെന്നും രാഹുല്‍ പറഞ്ഞു. താന്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു കാറില്‍ പോകുന്നതും നീല ട്രോളി ബാഗ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫെനി മറ്റൊരു കാറില്‍ കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ വിവാദത്തിലാണ് രാഹുല്‍ മറുപടിയുമായി രംഗത്തെത്തിയത്.
ഫെനി ഹോട്ടലില്‍ നിന്ന് ഇറക്കിക്കൊണ്ടുവരുന്ന നീല ട്രോളി ബാഗും മറ്റൊരു ബാഗും വെള്ള ഇന്നോവ ക്രിസ്റ്റയില്‍വെയ്ക്കുന്നത് ദൃശ്യത്തിലുണ്ട്. ഈ സമയം രാഹുലും ഈ കാറിന് സമീപത്തേയ്ക്ക് വരുന്നുണ്ട്. അതിന് ശേഷം ഫെനി നൈനാന് ഈ കാറില്‍ കയറിപ്പോകുകയാണ്. സമീപത്ത് നിര്‍ത്തിയിട്ട ഗ്രേ നിറത്തിലുള്ള കാറിലാണ് രാഹുല്‍ കയറുന്നത്. ഇതും വീഡിയോയിലുണ്ട്.
കോഴിക്കോട് കാന്തപുരത്തിനെ കാണാന്‍ പോകുന്നതിന് വേണ്ടി കരുതിയ വസ്ത്രങ്ങളായിരുന്നു നീല ട്രോളി ബാഗില്‍ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ പ്രതികരിച്ചത്. വസ്ത്രം നല്ലതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടായിരുന്നുവെന്നും അതിനാലാണ് വസ്ത്രം അടങ്ങിയ ട്രോളി ബാഗ് ഹോട്ടലിന് അകത്തേയ്ക്ക് കൊണ്ടുവന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ ധരിക്കേണ്ട വസ്ത്രമടങ്ങിയ ബാഗ് മറ്റൊരു കാറില്‍ കൊണ്ടുപോയതെന്തിനെന്ന ചോദ്യവും വിവാദവും ദൃശ്യങ്ങള്‍ക്ക് പിന്നാലെ ഉയര്‍ന്നിരുന്നു.
Add Comment