Kerala

സമസ്തയുടെയും ലീഗിന്റെയും ഐക്യം തകര്‍ക്കാന്‍ ശത്രുക്കള്‍ ശ്രമിക്കുന്നു; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

കാസര്‍കോട്: ഉമര്‍ ഫൈസി മുക്കത്തിന് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാ അത്ത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്തയുടെയും ലീഗിന്റെയും ഐക്യം തകര്‍ക്കാന്‍ ശത്രുക്കള്‍ ശ്രമിക്കുന്നു. ചിലര്‍ ശത്രുക്കള്‍ക്കൊപ്പം നില്‍ക്കുന്നു. അവരെ സ്‌നേഹത്തോടെ തിരുത്തണം. രാഷ്ട്രീയ നേതൃത്വവും മതപണ്ഡിതരും ഒരുമിച്ച് നില്‍ക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. അത് തകര്‍ക്കരുതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മുസ്‌ലിം ലീഗ്-സമസ്ത ഐക്യം നിലനില്‍ക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞു. ഐക്യം തകര്‍ക്കാന്‍ ‘ശെയ്ത്താന്‍’ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നു. പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയാകുന്നുവെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കം. മുസ്ലിം മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാര്‍ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യമെന്നും ഉമര്‍ ഫൈസി മുക്കം വിമര്‍ശിച്ചിരുന്നു. മഹല്ലുകളുടെ നിയന്ത്രണമുള്ള ഖാളി സ്ഥാനം സാദിഖലി തങ്ങള്‍ ഏറ്റെടുത്തതിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പിന്നാലെ ഉമര്‍ ഫൈസി മുക്കത്തിനെതിരെ ലീഗ് രംഗത്തെത്തുകയായിരുന്നു.