Kerala

എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി അൻവർ

സിപിഎം നേതാവ് എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി പി.വി അൻവർ. ചേലക്കരയിലെ ഒരു പ്രമുഖ വ്യക്തിയെ കേസില്‍ കുടുക്കി ഒത്തുതീർപ്പാക്കാൻ മൊയ്തീൻ 10 ലക്ഷം രൂപ വാങ്ങി എന്നാണ് ആരോപണം.

അൻവറിന്‍റെ ഡിഎംകെക്കെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിന് പിന്നാലെയാണ് ആരോപണം.

ഒരു പ്രമുഖ വ്യക്തിയെ കേസില്‍ കൊടുക്കാൻ ഒരു സ്ത്രീയോട് എ.സി മൊയ്തീൻ പരാതി നല്‍കിപ്പിച്ചു എന്നും ഇത് ഒതുക്കാൻ മൊയ്തീൻ 10 ലക്ഷം രൂപ കൈപ്പറ്റി എന്നും ആണ് ആരോപണം. ഇക്കാര്യത്തില്‍ ബിജെപി നേതാക്കള്‍ ഇടനിലക്കാരായി എന്നും അൻവർ ആരോപിക്കുന്നു. ചേലക്കര മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർഥി എൻ.കെ സുധീറിന്‍റെ പ്രചാരണത്തിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കിയതാണ് പ്രകോപനം. നിർധനരായ ആയിരം കുടുംബങ്ങള്‍ക്ക് വീട് വെച്ച്‌ നല്‍കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം. ഇതിനായി ബന്ധപ്പെടാൻ ഫോണ്‍ നമ്ബർ നല്‍കുകയും അപേക്ഷാ ഫോറങ്ങള്‍ നല്‍കുകയും ചെയ്തു. ഇത് ചട്ട ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ഡിഎംകെക്കെതിരെ യുഡിഎഫ് രംഗത്ത് വരാത്തത് യുഡിഎഫിന്‍റെ ബി ടീം ആയതുകൊണ്ടാണെന്നും മൊയ്തീൻ ആരോപിച്ചു. പ്രചാരണ വാഹനങ്ങള്‍ എല്‍ഡിഎഫ് തടയുന്നുവെന്നും ഡ്രൈവർമാരെ മർദ്ദിക്കുന്നുവെന്നും ഡിഎംകെ ആരോപിച്ചു.നാളെ മുഖ്യമന്ത്രി പിണറായി വിജയൻ കൂടി ചേലക്കരയില്‍ എത്തുന്നതോടെ പ്രചാരണരംഗം ചൂടുപിടിക്കും എന്നുറപ്പാണ്.