Politics

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി, കേസ് അന്വേഷണം നിലച്ചതിനെതിരെ സമർപ്പിച്ച ഹരജിയിൽ വടകര കോടതിയുടെ നിരീക്ഷണം

വടകര: അന്വേഷണം നിലച്ച കാഫിർ കേസിൽ വീണ്ടും കോടതിയുടെ ഇടപെടൽ : വടകര പോലീസിനോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ്

കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണത്തിൽ പോലീസ് ഗുരുതരമായ അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് എം.എസ്.എഫ് നേതാവ് മുഹമ്മദ്‌ കാസിം അഡ്വക്കേറ്റ് മുഹമ്മദ്‌ ഷാ മുഖേനെ വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു.

കേസ് പരിഗണിച്ച കോടതി അന്വേഷണ റിപ്പോർട്ടും വ്യാജസ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവരുടെ മൊബൈൽഫോൺ ഫോറെൻസിക് പരിശോധനയുടെ അന്വേഷണ പുരോഗതിയും സമർപ്പിക്കാൻ വടകര പോലീസിനോട് ഉത്തരവിട്ടു.

അത്യധികം ഗൗരവതരമായ ഈ കേസിന്റെ തുടക്കം മുതൽ യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്നും ഇതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ച് നിയമപോരാട്ടം നടത്തി കാസിമിന്റെ നിരപരാധിത്വം തെളിയിക്കേണ്ടി വന്നതെന്നും കാഫിർ കേസിലെ നിയമപോരാട്ടത്തിന് നേതൃത്വം നൽകുന്ന മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല പറഞ്ഞു.

അന്വേഷണം പെട്ടെന്ന് പൂർത്തിയാക്കി യഥാർത്ഥ പ്രതികളെ പിടികൂടാൻ ഹൈക്കോടതി ഉത്തരവ് നൽകി രണ്ട് മാസം പിന്നിട്ടിട്ടും അന്വേഷണം ഒരിഞ്ച് മുന്നോട്ട് കൊണ്ടുപോകാൻ പോലീസ് തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

എട്ട് മാസം പിന്നിട്ടും കേസിൽ ഇതുവരെ ചാർജ് ഷീറ്റ് ഫയൽ ചെയ്യാനോ പ്രതികളെ ലിസ്റ്റ് ചെയ്യാനോ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചതിന്റെ റിപ്പോർട്ട് രണ്ടാഴ്ച കൊണ്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത് രണ്ട് മാസം പിന്നിട്ടിട്ടും ചെയ്യാൻ പോലീസ് കഴിഞ്ഞിട്ടില്ല.

അതിലുപരി ഹൈക്കോടതി മുൻപാകെ കാസിം നിരപരാധിയാണെന്ന് സാക്ഷ്യപെടുത്തിയ പോലീസ്, കാസിമിന്റെ മേൽ ചുമത്തിയ എഫ്.ഐ.ആർ നീക്കം ചെയ്യാൻ പോലുമുള്ള മാന്യത ഇതുവരെ കാണിച്ചിട്ടില്ലെന്നും പാറക്കൽ അബ്ദുല്ല കൂട്ടിച്ചേർത്തു.

പോലീസ് റിപ്പോർട്ടിനും തുടർവാദത്തിനുമായി കേസ് നവംബർ 22 ലേക്ക് മാറ്റി.