പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് കള്ളപ്പണമെത്തിച്ചെന്ന സിപിഎമ്മിൻ്റെ പരാതിയില്‍ കേസെടുത്തില്ലെന്ന് പാലക്കാട് എസ്പി ആനന്ദ്.
സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് എസ്പി വ്യക്തമാക്കി. എന്നാല്‍ താൻ നല്കിയ പരാതിയില്‍ പ്രത്യേക എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു നിലപാടെടുത്തു.
പാലക്കാട് ഹോട്ടല്‍ കേന്ദ്രീകരിച്ച കള്ളപ്പണ പരിശോധന, സംഘർഷം സംബന്ധിച്ച് കളക്ടർ കൈമാറിയ പരാതിയും, സിപിഎം ജില്ലാ സെക്രട്ടറി നല്കിയ പരാതിയുമെല്ലാം ഒരുമിച്ചാണ് പരിശോധിക്കുന്നതെന്നും എസ്പി പറഞ്ഞു. ഹോട്ടലിലെ സംഘർഷത്തിന് എടുത്ത കേസിൻ്റെ ഭാഗമായി തൻ്റെ പരാതി അന്വേഷിച്ചാല്‍ മതിയെന്നും താൻ മൊഴി നല്‍കുമെന്നും ഇ.എൻ സുരേഷ് ബാബു വ്യക്തമാക്കി. പൊലീസിൻ്റെ പരിശോധനയില്‍ അമാന്തം ഉണ്ടെന്ന് കരുതുന്നില്ലെന്നും സുരേഷ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിപിഎം നല്കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ് അറിയിച്ച സാഹചര്യത്തിലാണ് സുരേഷ് ബാബുവിൻ്റെ നിലപാട് മാറ്റം.
Add Comment