Sports

​ഗംഭീറിന് കടുത്ത പരീക്ഷണം; ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നിർണായകം

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ പരാജയത്തിന് പിന്നാലെ ​ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് ​ഗൗതം ​ഗംഭീറിന് കടുത്ത പരീക്ഷണം. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെട്ടാൽ ​ഗംഭീറിനെ ഏകദിന, ട്വന്റി 20 ടീമിന്റെ മാത്രം പരിശീലക സ്ഥാനം ഏൽപ്പിക്കാനാണ് ബിസിസിഐ ആലോചന. ടെസ്റ്റ് ടീമിന്റെ ചുമതല വി വി എസ് ലക്ഷമണ് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതിനി‍ടെ ഇന്ത്യൻ ക്രിക്കറ്റിലെ അം​ഗങ്ങളിൽ ചിലർക്ക് ​​ഗംഭീർ, അ​ഗാർക്കർ, രോഹിത് ശർമ എന്നിവരുടെ തീരുമാനങ്ങളോട് അതൃപ്തിയുള്ളതായി സൂചനയുണ്ട്. ന്യൂസിലാൻഡ് പരമ്പരയ്ക്ക് ശേഷം ബിസിസിഐ മൂവരുമായി സംഘടിപ്പിച്ച ചർച്ചയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ എന്നിവരും മീറ്റിങ്ങിൽ പങ്കെടുത്തിരുന്നു. രഞ്ജി ട്രോഫിയിൽ ഏതാനും മത്സരങ്ങളുടെ മാത്രം പരിചയമുള്ള ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി എന്നിവരെ ഇന്ത്യൻ ടീമിലെടുത്തതിൽ പലർക്കും അഭിപ്രായ വ്യത്യാസമുള്ളതായി ബിസിസിഐ വൃത്തങ്ങൾ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

രാഹുൽ ദ്രാവിഡിൽ നിന്ന് ഏറെ വ്യത്യാസമുള്ള പരിശീലന രീതിയാണ് ​ഗംഭീറിന്റേത്. ആറ് മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് ഓസ്ട്രേലിയൻ പരമ്പരയിൽ ഇന്ത്യ വിജയവഴിയിൽ തിരിച്ചെത്തണമെന്ന് ​ഗംഭീർ, അ​ഗാർക്കർ, രോഹിത് ശർമ എന്നിവർക്ക് ബിസിസിഐയുടെ ഭാ​ഗത്ത് നിന്നും നിർദ്ദേശമുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.