മേപ്പാടി: മേപ്പാടിയില്‍ ദുരന്ത ബാധിതര്‍ക്ക് നല്കിയ ഭക്ഷ്യക്കിറ്റില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരം. ചികിത്സ തേടിയ കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തി. നല്ല വയറുവേദനയായിരുന്നുവെന്നും ഇപ്പോള്‍ ബേധമായെന്നും വിഷബാധയേറ്റ ഒമ്പതു വയസുകാരന് ആദി അയാന് പറഞ്ഞു.
‘ഭക്ഷണം കഴിച്ച് ഛര്‍ദ്ദിയും വയറിളക്കവും വന്നു. നല്ല വയറുവേദനയായിരുന്നു. ആശുപത്രിയിലെത്തിയിട്ടും കുറഞ്ഞില്ല. സോയാബീന്‍ കഴിച്ചിട്ടാണ് അസുഖം വന്നത്. ഇപ്പോള്‍ സുഖമായി’, അയാന് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം ലഭിച്ച കിറ്റിലെ സോയാബീന്‍ കഴിച്ചാണ് മകന് ഭക്ഷ്യവിഷബാധയേറ്റതെന്ന് മാതാവും പ്രതികരിച്ചു. കുട്ടികള്‍ക്ക് മാത്രമായിരുന്നു സോയ നല്‍കിയതെന്നും അവര്‍ പറഞ്ഞു. കേടായ അരി നല്‍കിയതിന് പരാതിപ്പെട്ടപ്പോള്‍ തിരഞ്ഞെടുപ്പ് അല്ലേ, പരസ്പരം തമ്മിലടിപ്പിക്കരുത് എന്ന് ചിലര്‍ പറഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
മേപ്പാടിയിലെ കുന്നമ്പറ്റയിലെ ഫ്ലാറ്റിലുള്ള രണ്ട് കുട്ടികള്‍ക്കായിരുന്നു സോയാബീന്‍ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ഭക്ഷണത്തിനായി പുഴുവരിച്ച അരി നല്‍കിയിരുന്നു. പിന്നാലെയാണ് ഗുരുതരമായി ഈ സംഭവവുമുണ്ടായിരിക്കുന്നത്. സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നല്കിയ കിറ്റുകളാണ് ദുരന്തബാധിതര്‍ക്ക് നല്‍കിയതെന്നാണ് പഞ്ചായത്തിന്റെ വാദം. സംഭവത്തില്‍ മേപ്പാടി പഞ്ചായത്ത് ഓഫീസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പഞ്ചായത്തിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ ഇരിപ്പിടങ്ങള്‍ മറിച്ചിടുകയും പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയില്‍ കയറി പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ പൊലീസുമായി സംഘര്‍ഷവുമുണ്ടായി. പ്രവര്‍ത്തകര്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്ത അരി ഓഫിസിന്റെ ഉള്ളില്‍ നിലത്തിട്ട് പ്രതിഷേധിച്ചു.
Add Comment