India

മണിപ്പൂർ വീണ്ടും കത്തുന്നു: രണ്ട് സ്ത്രീകളെ ക്രൂരമായി കൊന്നു

വ്യാപക അക്രമം തുടരുന്ന മണിപ്പൂരില്‍ രണ്ട് ദിവസങ്ങളിലായി രണ്ട് സ്ത്രീകളെ ക്രൂരമായി കൊന്നു. കഴിഞ്ഞ ദിവസം ജിരിബാം ജില്ലയിലെ ഹ്‌മറില്‍ മൂന്ന് കുട്ടികളുടെ മുമ്ബില്‍ മാതാവിനെ മാനഭംഗപ്പെടുത്തി കത്തിച്ചുകൊന്നു.

അദ്ധ്യാപികയായ സോസാങ്കിം ( 31) ആണ് കൊല്ലപ്പെട്ടത്. മെയ്തി തീവ്രവാദികള്‍ എന്ന് കരുതുന്ന ഒരു സംഘം 20ഓളം വീടുകള്‍ കത്തിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. എല്ലാവരും ഓടി രക്ഷപ്പെടുന്നതിനിടെ അക്രമികള്‍ സോസാങ്കിമിന്റെ കാലില്‍ വെടിവച്ചു. വീണ അവരെ ക്രൂരമായി ഉപദ്രവിച്ചതായി ഭർത്താവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇന്നലെ ബിഷ്‌ണുപൂർ ജില്ലയില്‍ വയലില്‍ പണിയെടുത്തിരുന്ന സ്ത്രീയെ കുക്കികളെന്നു കരുതുന്ന അക്രമികള്‍ വെടിവച്ചു കൊന്നു. പ്രദേശത്ത് വിന്യസിച്ച കേന്ദ്രസേന ആക്രമണങ്ങള്‍ തടയുന്നില്ലെന്ന് ആരോപിച്ച്‌ നാട്ടുകാർ പ്രതിഷേധിച്ചു. കൂടുതല്‍ സേനയെ അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
താഴ്‌വരയിലെ നെല്‍വയലുകളില്‍ ‘ഗ്രാമ പ്രതിരോധ വോളണ്ടിയർമാരുടെ’ വേഷത്തില്‍ കുക്കി കലാപകാരികള്‍ പ്രവർത്തിക്കുന്നുണ്ടെന്ന് മെയ്‌തി സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ ആരോപിച്ചു.
അതിനിടെ അസാമിലെ സില്‍ച്ചാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അദ്ധ്യാപികയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാനും അതിന്റെ വീഡിയോ റെക്കാഡിംഗിനും പൊലീസ് ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി തേടി.

ഒരാഴ്‌ചയായി മണിപ്പൂരിലെ വിവിധ ജില്ലകളില്‍ അക്രമങ്ങള്‍ തുടരുകയാണ്.

സ്ത്രീകളെ കൊലപ്പെടുത്തിയതില്‍ കുക്കി ആധിപത്യമുള്ള കാങ്‌പോക്പി, ചുരാചന്ദ്പൂർ ജില്ലകളില്‍ വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. മെയ്‌തി സംഘടനകളും പ്രതിഷേധിച്ചു. മനുഷ്യത്വമില്ലാതെ അദ്ധ്യാപികയെ കൊന്നെന്നും മാന്യമായ സംസ്കാരം നിഷേധിച്ചെന്നും സിവില്‍ സൊസൈറ്റി ഗ്രൂപ്പ് ഹ്‌മർ ഇൻപുയി പ്രതികരിച്ചു.

കഴിഞ്ഞ വർഷം മേയില്‍ പൊട്ടിപ്പുറപ്പെട്ട കുക്കി-മെയ്‌തി കലാപത്തില്‍ 200ലധികം പേരാണ് കൊല്ലപ്പെട്ടത്. ആയിരങ്ങള്‍ ഭവനരഹിതരായി പലായനം ചെയ്‌തു.