Uncategorized

രാഹുലിൻ്റെ വീഡിയോ സിപിഎം പേജിൽ , വിവാദം… പാർട്ടി സ്വന്തം പേജല്ലെന്ന് പറഞ്ഞെങ്കിലും ഒടുവിൽ പേജ് പത്തനംതിട്ട സിപിഎം പേജു തന്നെ

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തലിന്റെ വീഡിയോ എഫ്ബി പേജില്‍ വന്ന സംഭവത്തില്‍ വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു.

വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജില്‍ തന്നെയാണെന്ന് ജില്ലാ സെക്രട്ടറി സ്ഥിരീകരിച്ചു. അക്കൗണ്ട് ഹാക്ക് ചെയ്‌താണ് വീഡിയോ പോസ്റ്റ്‌ ചെയ്‌തതെന്നാണ് വിശദീകരണം. എസ്പിക്ക് പരാതി നല്‍കുമെന്നും ഉദയഭാനു വിശദീകരിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യാജ കാർഡ് ഉണ്ടാക്കി യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റായ ആളാണെന്നും സ്വന്തം വീടിരിക്കുന്ന വാർഡില്‍ പോലും രാഹുല്‍ നിന്നാല്‍ ജയിക്കില്ലെന്നും ജില്ലാ സെക്രട്ടറി പരിഹസിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ ആണ് സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്. ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന് അടിക്കുറിപ്പുള്ള വീഡിയോ ഇന്നലെ രാത്രിയാണ് സിപിഎമ്മിന്റെ പേജില്‍ പ്രത്യക്ഷപ്പെട്ടത്. 63,000 ഫോളോവേഴ്സ് ഉള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സിപിഎമ്മിന്റെ ഔദ്യോഗിക പേജല്ലെന്നും, സിപിഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടെന്നുമായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ ആദ്യ പ്രതികരണം. സംഭവം ശ്രദ്ധയില്‍ പെട്ട ഉടൻ രാത്രി തന്നെ ദൃശ്യങ്ങള്‍ ഒഴിവാക്കുകയായിരുന്നു.