കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ തുറന്നടിച്ച് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ വേട്ടക്കാരായ നിര്‍മാതാക്കള്‍ ഉണ്ടെങ്കിലും നടപടിയെടുക്കുന്നില്ലെന്ന് സാന്ദ്ര പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാഗമായ നടന് ദിലീപിനെതിരെ ആരോപണം വന്നപ്പോള്‍ എഎംഎംഎ സംഘടനയിൽ നടപടി ഉണ്ടായെങ്കിലും കെഎഫ്പിഎയിൽ നടപടിയുണ്ടായില്ലെന്ന് സാന്ദ്ര പറഞ്ഞു. ആല്വിന് ആന്റണി, വൈശാഖ് രാജന് പോലെയുള്ളവര്‍ ഇപ്പോഴും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാഗമാണെന്ന് സാന്ദ്ര പ്രതികരിച്ചു.
തനിക്ക് മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു. ‘വേട്ടക്കാരെ സംരക്ഷിക്കുന്ന ഒരു സംഘടനയായി കെഎഫ്പിഎ. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതിക്കാര്‍ പുറത്ത്, വേട്ടക്കാര്‍ അകത്ത് എന്ന നിലപാടാണ്. സര്‍ക്കാര്‍ ഭാഗത്ത് നിന്നും ആരും വിളിച്ചിട്ടില്ല. ഞാന്‍ രണ്ട് തവണ ശ്രമം നടത്തി. പക്ഷേ നീതി ലഭിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. മുഖ്യമന്ത്രി സ്ത്രീകള്‍ക്കൊപ്പം നില്ക്കുന്ന ആളാണ്. ഒന്നിലും വിശ്വാസമില്ലെങ്കിലും മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ട്’, സാന്ദ്ര പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പോലും ധീരമായ നിലപാടെടുത്ത മുഖ്യമന്ത്രി തന്റെ കാര്യത്തിലും ഇടപെടുമെന്ന് സാന്ദ്ര പറഞ്ഞു.
അതേസമയം എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുമുള്ള ശക്തര്‍ക്കെതിരെയാണ് തന്റെ ആരോപണമെന്നും സാന്ദ്ര വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം സ്ത്രീകള്‍ക്ക് വേണ്ടി പ്രസംഗിക്കുന്നത് കേട്ടപ്പോള്‍ തനിക്ക് വിഷമം തോന്നിയെന്നും സാന്ദ്ര പറഞ്ഞു. തന്റെ പരാതി രാഷ്ട്രീയവല്‍ക്കരിക്കാനാണ് അവര്‍ ശ്രമിച്ചതെന്നും കോണ്‍ഗ്രസ് ഹൃദയം കൊണ്ട് സ്ത്രീകള്‍ക്കൊപ്പമാണോ എന്ന് പുനരാലോചിക്കണമെന്നും സാന്ദ്ര പറഞ്ഞു.
താന്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും നീതിക്ക് വേണ്ടി പോരാടുമെന്നും സാന്ദ്ര വ്യക്തമാക്കി. ലോകം ഇടിഞ്ഞു വീണാലും അതിന് വേണ്ടി നിലകൊള്ളും. നീതിക്കായി ഏതറ്റം വരെയും പോകും. ഈ പോരാട്ടം മുഴുവന്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ്. പെണ്മക്കള് ഉള്ളവരാണ് ഇത് എല്ലാം ചെയ്യുന്നത്. അവരുടെ മക്കളും സിനിമയില്‍ സജീവമാണ്. സ്വന്തം മകള്‍ക്ക് ഈ അവസ്ഥ വന്നാല്‍ സഹിക്കുമോ’, സാന്ദ്ര പറഞ്ഞു.
Add Comment