മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ തെലുങ്ക് നടനാണ് അല്ലു അർജുൻ. സുകുമാർ സംവിധാനം ചെയ്ത പുഷപ എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജുൻ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. നാഷണൽ അവാർഡ്‌സിന്റെ ലിസ്റ്റ് പരിശോധിച്ചപ്പോൾ അതിൽ ഒരു തെലുങ്ക് നടൻ പോലും ഇല്ലാതിരുന്നത് തന്നെ നിരാശനാക്കിയെന്നും ഇതിൽ നിന്നുണ്ടായ വാശിയാണ് ദേശീയ അവാർഡ് സ്വന്തമാക്കാൻ കരുത്തായതെന്നും പറഞ്ഞിരിക്കുകയാണ് അല്ലു അർജുൻ.
‘ഞാന്‍ ഒരിക്കല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടിയ നടന്മാരുടെ ലിസ്റ്റ് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അതില്‍ ഒരു തെലുങ്ക് നടന്റെ പേര് പോലും കാണാന്‍ കഴിയാത്തത് എന്നെ വളരെയധികം സങ്കടപ്പെടുത്തി. ഇത്രയും വര്‍ഷത്തെ ചരിത്രത്തില്‍ തെലുങ്കില്‍ നിന്ന് ഒരൊറ്റ നടനും നാഷണല്‍ അവാര്‍ഡ് കിട്ടിയിട്ടില്ല. ആ ലിസ്റ്റ് ഞാന്‍ എന്റെ മനസില്‍ റൗണ്ട് ചെയ്ത് വെച്ചു.
ഒരു വാശിയായി അതെന്റെ മനസില്‍ കിടന്നു. സമയവും സാഹചര്യവും അനുസരിച്ച് ഒരു സിനിമ ചെയ്ത് ആ നാഷണല്‍ അവാര്‍ഡ് ഞാന്‍ തൂക്കി. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടുന്ന നടനായി ഞാന്‍ മാറിയത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണ്. ചരിത്രത്തിന്റെ ഭാഗമാകുക എന്നത് ചെറിയ കാര്യമല്ലല്ലോ. ഒരുപാട് അഭിമാനം തോന്നിയ മൊമന്റായിരുന്നു അത്,’ അല്ലു അര്‍ജുന്‍ പറയുന്നു.
പുഷ്പ പോലൊരു കൊമേഴ്‌സ്യല്‍ മാസ് ചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് അല്ലു അർജുന് നല്‍കിയതില്‍ അന്ന് പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അതേസമയം, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പുഷ്പ ദ റൂള്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗവും തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ആദ്യ ഭാഗം ഇന്ത്യയിലെമ്പാടും ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഡിസംബർ അഞ്ചിനാണ് പുഷ്പ 2 തിയേറ്ററുകളിൽ എത്തുന്നത്.
Add Comment