Kerala

അസം യുവതിയെ നടുറോഡിൽ കുത്തിക്കൊന്നു, സ്വയം കുത്തിമരിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

പെരുമ്പാവൂർ: അസം സ്വദേശിനിയായ യുവതി റോഡില്‍ കുത്തേറ്റുമരിച്ചു. മുടിക്കലിലെ പ്ലൈവുഡ് ഫാക്ടറി തൊഴിലാളിയായ ഫാരിദ ബീഗം (27) ആണ് കൊല്ലപ്പെട്ടത്.

യുവതിയുമായി അടുപ്പത്തിലായിരുന്ന അസം സ്വദേശി മഹർ അലി (23) യെ സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ചും വിഷം ഉള്ളില്‍ച്ചെന്നനിലയിലും പോലീസ് കണ്ടെത്തി.

ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 10.45-ന് മുടിക്കല്‍ ചിറയൻപാടം തണല്‍പരിവാർ സംഘടനയുടെ ഓഫീസിനുസമീപം റോഡിലാണ് സംഭവം. ജോലിസ്ഥലത്തേക്കുപോയ യുവതിയെ യുവാവ് പിന്നാലെ ഓടിയെത്തി കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നെഞ്ചിനുപിന്നില്‍ കുത്തേറ്റുവീണ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. യുവതിയെ ആക്രമിച്ചശേഷം മഹർ അലി സ്വയം വയറ്റില്‍ കുത്തുകയും കൈയില്‍ കരുതിയിരുന്ന വിഷം കുടിക്കുകയും ചെയ്തു. നാട്ടുകാർ അറിയിച്ചതനുസരിച്ച്‌ പോലീസെത്തിയാണ് ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോയത്.

യുവാവിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് നിഗമനം. യുവതിയുടെ ഭർത്താവ് രണ്ടുകൊല്ലം മുൻപ് മരിച്ചതാണ്. ഇതിനുശേഷം പ്ലൈവുഡ് ഫാക്ടറിയില്‍ തൊഴിലാളിയായ മഹർ അലിയുമായി അടുപ്പത്തിലായി. അടുത്തിടെ ഇരുവരും അസമില്‍ പോയിരുന്നു. ഒരാഴ്ച മുൻപ് യുവതി കേരളത്തില്‍ തിരിച്ചെത്തി. മഹർ അലി ഞായറാഴ്ച രാവിലെയാണ് എത്തിയതെന്ന് പറയുന്നു. അസമില്‍ ഇരുവരും വഴക്കടിച്ച്‌ പിരിഞ്ഞതായാണ് സൂചന. പെരുമ്ബാവൂർ പോലീസ് കേസെടുത്തു.