Kerala

മുനമ്പത്തിന് പിന്നാലെ മാനന്തവാടിയിലും വഖഫ് നോട്ടീസ്

മാനന്തവാടി: മുനമ്പത്തിന് പിന്നാലെ മാനന്തവാടിയിലും വഖഫ് നോട്ടീസ്. തവിഞ്ഞാല്‍ പഞ്ചായത്തില്‍ തലപ്പുഴയിലെ കുടുംബങ്ങള്‍ക്കാണ് വഖഫ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രേഖകള്‍ അദാലത്തില്‍ ഹാജരാക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. 5.45 ഏക്കര്‍ ഭൂമിയിലാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

47/1, 48/1 എന്നീ സര്‍വേ നമ്പറുകളിലുള്ള ഭൂമിയിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നിലവില്‍ എട്ട് കുടുംബങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ കക്ഷിച്ചേരലുകളുണ്ടായാല്‍ 20ഓളം കുടുംബങ്ങളാണ് ഒഴിയേണ്ടി വരിക.

എതിര്‍പ്പുകളുണ്ടെങ്കില്‍ രേഖകള്‍ ഹാജരാക്കാന്‍ 14ാം തീയതി വരെയാണ് സമയം നല്‍കിയിരിക്കുന്നത്. 14ാം തീയതി രേഖകള്‍ ഹാജരാക്കുകയും 19ാം തീയതി അദാലത്തില്‍ പങ്കെടുക്കുകയും വേണം. ഇതില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഏകപക്ഷീയമായി വിധി പുറപ്പെടുവിച്ച് വഖഫ് ഭൂമി ഏറ്റെടുക്കുന്ന പ്രഖ്യാപനം വരുമെന്നാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്.

വഖഫിന്റെ നോട്ടീസ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റും പ്രതികരിച്ചു. പഞ്ചായത്ത് മെമ്പറും ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഏത് രീതിയിലുള്ള നടപടി സ്വീകരിക്കണമെന്ന രൂപരേഖ തയ്യാറാക്കാന്‍ പഞ്ചായത്തിനായിട്ടില്ല. കുറഞ്ഞ ദിവസം കൊണ്ട് രേഖകള്‍ വഖഫിന് മുമ്പാകെ എങ്ങനെ ഹാജരാക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

About the author

KeralaNews Reporter

Add Comment

Click here to post a comment