Kerala

ഐഎഎസ് തലപ്പത്തെ ചേരിപ്പോരിനിടയിൽ വീണ്ടും എഫ്ബി പോസ്റ്റുമായി കളക്ടർ എൻ പ്രശാന്ത്

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോരിനിടയിൽ വീണ്ടും എഫ്ബി പോസ്റ്റുമായി കളക്ടർ എൻ പ്രശാന്ത്. ‘കർഷകനാണ്, കള പറിക്കാൻ ഇറങ്ങിയതാ’ എന്നുതുടങ്ങുന്ന പോസ്റ്റിൽ പക്ഷെ ആരുടെയും പേര് പറയാതെയാണ് പരാമർശം. കാംകോ കള പറിക്കൽ യന്ത്രത്തിന്റെ ചിത്രം സഹിതമാണ് നിലവിലെ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി കൂടിയായ എൻ പ്രശാന്ത് ഐഎഎസിന്റെ പോസ്റ്റ്. ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ലെന്നും ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞുവെന്നും പ്രശാന്ത് പോസ്റ്റിൽ പറയുന്നു.

അതേസമയം, ഐഎഎസ് തലപ്പത്തെ ചേരിപ്പോരിൽ മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകി. ചട്ടലംഘനം നടത്തി പരസ്യ വിമർശനം നടക്കുന്നതായുള്ള വസ്തുതാ റിപ്പോർട്ടാണ് ചീഫ് സെക്രട്ടറി നൽകിയത്. സ്വമേധയാ ചീഫ് സെക്രട്ടറി റിപ്പോർട്ട് തയ്യാറാക്കി കൈമാറുകയായിരുന്നു. പരസ്യ വിമർശനത്തിൽ വിശദീകരണം തേടേണ്ട ആവശ്യമില്ലെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എൻ പ്രശാന്തിനെതിരായ നടപടി മുഖ്യമന്ത്രി തീരുമാനിക്കും.

അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ നേരത്തെ എൻ പ്രശാന്ത് ഐഎഎസ് ഫേസ്ബുക്ക് വഴി തുടർച്ചയായി വിമർശനം ഉന്നയിച്ചിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെ ചിത്തരോഗിയെന്ന് വിശേഷിപ്പിച്ച എന്‍ പ്രശാന്ത് കമൻ്റിട്ടതാണ് വിവാദങ്ങൾ ആളിക്കത്തിച്ചത്. ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പിള്ളിയിലെ ചിത്തരോഗി എന്ന് തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വന്ന കമൻ്റിന് എന്‍ പ്രശാന്ത് മറുപടി നൽകുകയായിരുന്നു. മന്ത്രിയുടെ അനുമതിയോടെയും നിര്‍ദ്ദേശപ്രകാരവും ഫീല്‍ഡ് വിസിറ്റും മീറ്റിങ്ങുകളിലും പങ്കെടുക്കാന്‍ പോകുമ്പോള്‍ ‘അദര്‍ ഡ്യൂട്ടി’ മാര്‍ക്ക് ചെയ്യുന്നതിനെ ‘ഹാജര്‍ ഇല്ല’ എന്ന് വ്യാജമായി റിപ്പോര്‍ട്ടാക്കണമെങ്കില്‍ അതിന് പിന്നില്‍ ഒരുപാട് കഷ്ടപ്പാടുണ്ടായിരുന്നിരിക്കണം. തനിക്കെതിരെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി ഉടനെയുടനെ മാതൃഭൂമിക്ക് സമര്‍പ്പിക്കുന്ന അവരുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ഡോ. ജയതിലക് ഐഎഎസ് എന്ന സീനിയര്‍ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകള്‍ അറിയിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. പൊതുജനത്തിന് അറിയാന്‍ താത്പര്യമുള്ള കാര്യം മാത്രമാണ് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്നും പ്രശാന്ത് വിമർശിച്ചിരുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment