പാലക്കാട്: മണ്ഡലത്തിൽ ബിജെപിയും കോൺഗ്രസും ആയിരക്കണക്കിന് വ്യാജ വോട്ടുകൾ ചേർത്തുവെന്ന ആരോപണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ഇത് സംബന്ധിച്ച് പാർട്ടി കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും സുരേഷ് ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിവിധ ബൂത്തുകളിൽ ഇത്തരത്തിൽ വ്യാജവോട്ടർമാരെ ചേർത്തുവെന്ന് സുരേഷ് ബാബു ആരോപിക്കുന്നു. ബൂത്ത് 177ൽ തിരിച്ചറിയാൻ പറ്റാത്ത 37 വോട്ടർമാരുണ്ട്. ഇവർ ആ ബൂത്തിലുള്ളവരല്ല എന്നും മലമ്പുഴ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ പേരുള്ളയാൾക്ക് കണ്ണാടിയിലും വോട്ടുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു. വ്യാജ ഐഡി കാർഡ് നിർമിച്ച് പരിചയമുള്ള സ്ഥാനാർത്ഥി ആയതിനാൽ ഇതിൽ പുതുമയില്ലെന്നും മരിച്ചു പോയവർ പോലും ഇത്തവണ വോട്ട് ചെയ്താൽ അത്ഭുതപ്പെടേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ സുരേഷ് ബാബു പരിഹസിച്ചു.
ബിജെപി ജയിക്കാതിരിക്കാൻ യുഡിഎഫിനെ വിജയിപ്പിക്കണമെന്ന പ്രചാരണമാണ് നടക്കുന്നത്. വി ഡി സതീശനും ഷാഫിയും ഇക്കാര്യം തന്നെ പറയുന്നു. ഇങ്ങനെ പേടി ഉണ്ടായിരുന്നെങ്കിൽ ഷാഫി എന്തിന് രാജിവച്ച് പോയി എന്നും സുരേഷ് ബാബു ചോദിച്ചു. ബിജെപി – കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ് മണ്ഡലത്തിൽ പ്രവർത്തിക്കുന്നതെന്ന് കൂട്ടിച്ചേർത്ത സുരേഷ് ബാബു, 2021ൽ മലമ്പുഴയിൽ 20,000 വോട്ടുകള്‍ എൻഡിഎയ്ക്ക് വേണ്ടി കോൺഗ്രസ് അട്ടിമറിച്ചെന്നും ഷാഫിയാണ് വോട്ട് മറിച്ചതെന്നും ആരോപിച്ചു.
Add Comment