Kerala

വയനാടിനായി ബിരിയാണി ചാലഞ്ച് നടത്തി 1.2 ലക്ഷം തട്ടിയ സിപിഎം പ്രവർത്തകർക്കെതിരെ കേസ്

ആലപ്പുഴ: ദുരിതാശ്വാസത്തിന്റെ പേരില്‍ സിപിഎം പ്രവർത്തകരുടെ പണത്തട്ടിപ്പ്. ആലപ്പുഴയില്‍ വയനാട് ദുരിത ബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ 3 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു.

കായംകുളം പുതുപ്പള്ളി മുൻ ലോക്കല്‍ കമ്മറ്റി അംഗം സിബി ശിവരാജൻ, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് അമല്‍ രാജ് എന്നിവർക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്. 1200 ഓളം ബിരിയാണി നല്‍കി ദുരിതബാധിതർക്കായി സമാഹരിച്ച 1.2 ലക്ഷം രൂപ തട്ടിയെടുത്തതായാണ് എഫ്‌ഐആർ. ബിരിയാണി ചലഞ്ച് കൂടാതെ സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തിയെന്ന് എഫ്‌ഐആർ പറയുന്നു. സർക്കാരിന് നല്‍കാൻ പിരിച്ചെടുത്ത തുക ഇവർ ഇതുവരെ കൈമാറിയിട്ടുമില്ല.