Kerala

മുനമ്പം പ്രശ്‌നം സര്‍ക്കാര്‍ വിചാരിച്ചാല്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയും; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍

തിരുവനന്തപുരം: മുനമ്പം പ്രശ്‌നം സര്‍ക്കാര്‍ വിചാരിച്ചാല്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുന്ന വിഷയമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മുനമ്പത്ത് നടക്കുന്നത് ജീവിക്കാനുള്ള സമരമാണ്. സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. ഭീഷണിപ്പെടുത്തുന്നവര്‍ ചെയ്യുന്നത് വലിയ അനീതിയാണ്. ഈ പ്രശ്‌നം വളരെയേറെ നീണ്ടുപോയിരിക്കുന്നു. പലരും വിഷയം മുതലെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും വി എം സുധീരന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നു. ഇനിയും വിഷയം നീട്ടിക്കൊണ്ടു പോകരുത്. പ്രശ്‌നം പരിഹരിക്കാന്‍ തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കേണ്ട ആവശ്യമില്ല. വഖഫ് ബോര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്നതാണ്. സര്‍ക്കാര്‍ വിചാരിച്ചാല്‍ വേണ്ട രീതിയില്‍ ഉപദേശിച്ചു മുന്നോട്ടു കൊണ്ടുപോകാനാകും.

വഖഫ് ബോര്‍ഡ് അനാവശ്യമായ അവകാശവാദം ഉന്നയിക്കുന്നതില്‍ നിന്ന് പിന്തിരിയണം. ഏച്ചുകെട്ടിയ പരിഹാരമല്ല ഉണ്ടാകേണ്ടതെന്നും അഡ്ജസ്റ്റ്‌മെന്റുമായി മുന്നോട്ടുപോകാനാകില്ലെന്നും വി എം സുധീരന്‍ കൂട്ടിച്ചേര്‍ത്തു. മതസൗഹാര്‍ദ അന്തരീക്ഷത്തിനു കോട്ടം വരുത്താതെ മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കാനുള്ള നിര്‍ദേശങ്ങളുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സമുദായ സംഘടനകളും സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു. പത്തു സെക്കന്‍ഡില്‍ പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബിജോണ്‍ ചൂണ്ടിക്കാട്ടിയിരുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment