വാശിയേറിയ പ്രചാരണത്തിനൊടുവില്‍ വയനാടും ചേലക്കരയും വിധിയെഴുതുന്നു. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. വയനാട്ടില്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പും ചേലക്കരയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പുമാണ് നടക്കുന്നത്. ഒരു മാസത്തോളം നീണ്ട പ്രചാരണ പോരിനൊടുവിലാണ് ജനവിധി. 1354 പോളിങ്ങ് സ്റ്റേഷനുകളാണ് വയനാട് മണ്ഡലത്തിൽ സജ്ജമാക്കിയിട്ടുള്ളത്. ജില്ലയിൽ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
11 പോളിങ്ങ് ബൂത്തുകൾ പ്രത്യേക സുരക്ഷാ പട്ടികയിലുമുണ്ട്. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വോട്ടുചെയ്യുന്നതിനായി മേപ്പാടി, ചൂരൽമല പ്രദേശങ്ങളിലായി പ്രത്യേക ബൂത്തുകൾ സജ്ജീകരിച്ചു. 14,71,742 വോട്ടർമാരാണ് വയനാട് മണ്ഡലത്തിലുള്ളത്.
2,13,103 വോട്ടർമാരാണ് ചേലക്കര മണ്ഡലത്തിലുള്ളത്. 180 പോളിംഗ് ബൂത്തുകളാണ് ചേലക്കരയിൽ സജ്ജമാക്കിയിരിക്കുന്നത്. മണ്ഡലത്തിൽ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. ഇവിടെ മൈക്രോ ഒബ്സർവർമാരെ നിയോഗിച്ചിട്ടുണ്ട്. വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫർ, പൊലീസ് സുരക്ഷ എന്നിവ ഉറപ്പാക്കും. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉൾപ്പടെയുളള മുഴുവൻ ദൃശ്യങ്ങളും ചിത്രീകരിക്കും.
Add Comment