Kerala

എംഎൽഎമാരുടെ പരാതികളിൽ പരിഹാരമില്ല, യോഗം വിളിച്ച് സ്പീക്കർ, അസാധാരണ നടപടി

തിരുവനന്തപുരം: എം.എല്‍.എ.മാരുടെ പരാതികളില്‍ സർക്കാർ നടപടി വൈകുന്നുവെന്ന ആക്ഷേപം വർധിച്ചതോടെ സ്പീക്കർ എ.എൻ. ഷംസീർ ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ യോഗം വിളിച്ചു.

ഭരണപരമായ കാര്യങ്ങളില്‍ ഉണ്ടാകേണ്ട നടപടി സ്പീക്കർ സാധാരണ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് പതിവ്.

നിയമസഭാ കമ്മിറ്റികള്‍ ചീഫ് സെക്രട്ടറി അടക്കമുള്ള സെക്രട്ടറിമാരെ വിളിച്ചുവരുത്താറുമുണ്ട്. സ്പീക്കർ ചീഫ് സെക്രട്ടറിയടക്കമുള്ളവരുടെ യോഗം വിളിച്ചതില്‍ നിയമവിരുദ്ധമായൊന്നുമില്ലെങ്കിലും നടപടി അസാധാരണമാണ്.

പാർലമെന്ററികാര്യ വകുപ്പ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയായിരുന്നു യോഗം.

ജനപ്രതിനിധികളെന്ന നിലയില്‍ എം.എല്‍.എ.മാർ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തര ശ്രദ്ധ നല്‍കണമെന്നും അവർക്ക് ന്യായമായ സമയത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും സ്പീക്കർ നിർദേശിച്ചു. പ്രശ്നങ്ങളില്‍ വേഗം തുടർ നടപടികളുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉറപ്പുനല്‍കി.

സ്പീക്കർ യോഗം വിളിച്ചതിന്റെ പ്രാധാന്യം കണക്കിലെടുത്ത് തുടർ നടപടികളിലേക്ക് ചീഫ് സെക്രട്ടറിയും കടന്നു. എം.എല്‍.എ.മാർ സർക്കാരിനും സ്പീക്കർക്കും നല്‍കുന്ന പരാതികളിലെടുക്കുന്ന നടപടികളെക്കുറിച്ച്‌ മാസംതോറും വകുപ്പ് സെക്രട്ടറിമാർ പ്രത്യേക അവലോകനം നടത്തും. ഇതിനായി എല്ലാ വകുപ്പുകളിലും നോഡല്‍ ഓഫീസർമാരെ ചുമതലപ്പെടുത്തും.

വികസന പ്രശ്നങ്ങള്‍മുതല്‍ പ്രോട്ടക്കോള്‍ ലംഘനംവരെ വിവിധ സ്വഭാവത്തിലുള്ള 25-ഓളം പരാതികള്‍ ഇത്തരത്തില്‍ ലഭിച്ചതിനെത്തുടർന്നാണ് സ്പീക്കർ നേരിട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.