മലപ്പുറം: പൊന്നാനിയിലെ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പുതിയ തീരുമാനമെടുക്കാൻ മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിലാണ് പുതിയ തീരുമാനമെടുക്കേണ്ടത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. സിംഗിൾ ബെഞ്ച് മജിസ്‌ട്രേറ്റ് കോടതിക്ക് നൽകിയ ഉത്തരവ് നിലനിൽക്കുന്നതല്ലെന്ന് നിരീക്ഷിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് അനുസരിച്ച് കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവും നിലനിൽക്കുന്നതല്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മജിസ്‌ട്രേറ്റിൽ നിന്ന് നേരിട്ട് റിപ്പോർട്ട് തേടിയ സിംഗിൾ ബെഞ്ച് നടപടി നിയമ നടപടിക്രമങ്ങൾക്ക് വിരുദ്ധമാണ്. ഈ സാഹചര്യത്തിൽ സ്വകാര്യ അന്യായം വീണ്ടും പരിഗണിച്ച് പുതിയ തീരുമാനമെടുക്കണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
വിധിപ്പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും കോടതി വിധി ഇരയ്ക്ക് തിരിച്ചടിയാകില്ലെന്നും ഇരയുടെ അഭിഭാഷകൻ പറഞ്ഞു. പല മാധ്യമങ്ങളും തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. അവർക്ക് വിവരങ്ങൾ നൽകുന്നത് ചിലപ്പോൾ പ്രതികളാകാം, പ്രതികൾ അവരുടെ സുരക്ഷയ്ക്കായാണ് ഇതൊക്കെ ചെയ്യുന്നത്. പൊന്നാനി മജിസ്ട്രേറ്റ് കോടതി എഫ്ഐആർ ഇടാൻ 24.10.2024ന് ഒരു ഉത്തരവിട്ടിരുന്നു. അന്വേഷണം നടത്തേണ്ട വിഷയമാണ് എന്ന് മനസിലായതിന്റെ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിൽ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് പ്രതി അപ്പീൽ നൽകിയിരിക്കുന്നത്. പീഡനം പോലുള്ള സംഭവങ്ങൾ പൊലീസുകാർ നടത്തിയാൽ അവർക്ക് പബ്ലിക് സെർവന്റെന്ന ഇമ്യൂണിറ്റിയുണ്ടെന്നും പൊലീസിന്റെ റിപ്പോർട്ട് കോൾ ഫോർ ചെയ്യണമെന്നായിരുന്നു ആദ്യം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
2022ലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് തന്നെ അതിജീവിത പരാതി നൽകിയെങ്കിലും പരാതി പൊലീസ് അട്ടിമറിക്കുകയായിരുന്നു. പിന്നാലെ കഴിഞ്ഞ മാസം യുവതി വീണ്ടും പരാതി നൽകി. കേസ് എടുക്കാതായതോടെയാണ് കോടതിയെ സമീപിച്ചത്. നേരത്തെ മജിസ്‌ട്രേറ്റ് കോടതി പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. എന്നാൽ മജിസ്‌ട്രേറ്റ് കോടതിയെ തിരുത്തിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എഫ്‌ഐആർ ഇടാത്തത് ഞെട്ടിച്ചു എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് മജിസ്ട്രേറ്റ് കോടതി നിർദേശം നൽകേണ്ടതെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. പൊലീസ് റിപ്പോർട്ട് തേടിയ മജിസ്ട്രേറ്റിന്റെ നടപടി അനിവാര്യമായിരുന്നില്ലെന്നും അന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. കുറ്റകൃത്യം വെളിവായിട്ടും കേസ് രജിസ്റ്റർ ചെയ്തില്ലെന്നും ഗുരുതര കുറ്റകൃത്യത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
Add Comment