Kerala

ആത്മകഥാ വിവാദം; ഡിസിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താതെ ഇ പി ജയരാജന്‍

കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ ഡിസിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താതെ ഇ പി ജയരാജന്‍. ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഇ പി ഡിസിയെ പരാമര്‍ശിക്കുന്നില്ല. തന്റെ ആത്മകഥയിലെ ഉള്ളടക്കങ്ങള്‍ എന്ന തരത്തില്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത കൊടുത്തുവെന്നും എന്നാല്‍ തന്റെ ആത്മകഥ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ഉപതെരഞ്ഞെടുപ്പ് വോട്ടിങ് ദിനത്തില്‍ തന്നെ ഇത്തരം വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പറയുന്നു.

ആത്മകഥ ഇനിയും എഴുതി പൂര്‍ത്തിയാക്കിയിട്ടില്ല. അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏല്‍പ്പിച്ചിട്ടില്ല. മാധ്യമങ്ങള്‍ വഴി പുറത്ത് വന്നത് തെറ്റായ കാര്യങ്ങളാണ്. ആത്മകഥയുടെ പേരോ കവര്‍ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്. നിയമനടപടികളുമായി മുന്നോട്ടു പോവുമെന്ന് ഇ പി നേരത്തേ അറിയിച്ചിരുന്നു. വിവാദത്തില്‍ ഇ പി അതൃപ്തിയറിയിച്ചിരുന്നു. പ്രസിദ്ധീകരണത്തിനായി ഡിസി ബുക്ക്‌സും മാതൃഭൂമിയും ഉള്‍പ്പെടെ സമീപിച്ചിരുന്നു. എഴുതിക്കഴിയട്ടെ എന്നാണ് മാതൃഭൂമിക്ക് മറുപടി നല്‍കിയത്. കാണിച്ചത് തെമ്മാടിത്തരമാണെന്നും ധിക്കാരമാണെന്നും ഇപി കൂട്ടിച്ചേര്‍ത്തു.

‘മാധ്യമങ്ങള്‍ക്ക് ഇതിലൊരു പങ്കുണ്ട്. ഡിസി ബുക്സിന് ഞാന്‍ കൊടുത്തിട്ടില്ല. പ്രസിദ്ധീകരണത്തിന് ഡിസി ബുക്സ് ചോദിച്ചിട്ടുണ്ട്, മാതൃഭൂമി ചോദിച്ചിട്ടുണ്ട്. മാതൃഭൂമിയുടെ ശശിയും ഞാനും തമ്മില്‍ നല്ല ബന്ധമാണ്. ആദ്യം പുസ്തകം എഴുതി കഴിയട്ടെ എന്നാണ് അവര്‍ക്ക് മറുപടി നല്‍കിയത്. എന്ത് തെമ്മാടിത്തരമാണ് കാണിച്ചത്. എന്ത് ധിക്കാരമാണ് കാണിക്കുന്നത് അതൊന്നും സമ്മതിക്കാന്‍ പോകുന്നില്ല,’ എന്നായിരുന്നു മാധ്യമങ്ങളോട് ഇപി ജയരാജന്‍ നേരത്തെ പ്രതികരിച്ചത്.

കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരില്‍ പേരില്‍ കഴിഞ്ഞ ദിവസമാണ് ഡിസി ബുക്‌സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ കവര്‍ചിത്രം പുറത്ത് വിട്ടത്. പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് പുസ്തകത്തിലുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം.