കണ്ണൂർ: പാലക്കാട് പി സരിൻ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ആർക്കും സിപിഐഎമ്മിനെ തോൽപ്പിക്കാനാകില്ലെന്നും ഇ പി ജയരാജൻ. സരിന് വേണ്ടി പാലക്കാട്ടേക്ക് പ്രചാരണത്തിന് പോകുംവഴിയാണ് ഇപിയുടെ പ്രതികരണം.
വന്ദേഭാരത്തിലാണ് ജയരാജന്റെ യാത്ര. ഷൊർണൂരിൽ ഇറങ്ങിയ ശേഷം കാർ മാർഗമാകും ഇ പി പാലക്കാട്ടേക്ക് പോകുക. അവിടെവെച്ച് മാധ്യമങ്ങളെ കാണും. ശേഷം നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി, വൈകുന്നേരം സരിനായി പാർട്ടി പൊതുയോഗത്തിൽ പങ്കെടുക്കും.
പാലക്കാട് ഇപിയുടെ വിവാദ ആത്മകഥ രാഷ്ട്രീയ ചര്‍ച്ചയാക്കാനാണ് യുഡിഎഫും ബിജെപിയും തയ്യാറെടുക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് ഇടതു ക്യാമ്പ്. തിരഞ്ഞെടുപ്പിനെ വിവാദങ്ങള്‍ ദോഷകരമായി പ്രതിഫലിക്കും എന്ന വിലയിരുത്തലിലാണ് ഇ പിയെ സിപിഐഎം പ്രചാരണത്തിനിറക്കുന്നത്.
അതേസമയം, ആത്മകഥാ വിവാദത്തില്‍ സിപിഐഎം ഇ പി ജയരാജനോട് വിശദീകരണം തേടിയേക്കും. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഇ പി പങ്കെടുക്കുമോയെന്നത് നിര്‍ണായകമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
Add Comment