Kerala

മണ്ഡല ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകീട്ട് നാലിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി പിഎന്‍ മഹേഷാണ് നട തുറക്കുന്നത്.

തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രം തുറക്കാനായി അവിടുത്തെ മേല്‍ശാന്തി പിഎം മുരളിക്ക് താക്കോലും ഭസ്മവും നല്‍കിയ ശേഷം പതിനെട്ടാംപടിയിറങ്ങി തെളിക്കും. അതിനുശേഷം ഭക്തര്‍ക്കായി പതിനെട്ടാംപടിയുടെ വാതില്‍ തുറക്കും. ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്തമേല്‍ശാന്തിമാര്‍ ആദ്യം പടികയറും.

ഉച്ചയ്ക്ക് ഒരു മണി മുതല്‍ പമ്ബയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. വൃശ്ചികം ഒന്നായ ശനിയാഴ്ച പുലർച്ചെ മൂന്നിന് പുതിയ മേല്‍ശാന്തിമാർ ഇരുനടകളും തുറക്കുന്നതോടെ മണ്ഡലതീർഥാടനത്തിന് തുടക്കമാകും. പുതിയ മേല്‍ശാന്തിമാരായ എസ് അരുണ്‍ കുമാര്‍ നമ്ബൂതിരി, വാസുദേവന്‍ നമ്ബൂതിരി (മാളികപ്പുറം) എന്നിവർ ഇന്ന് വൈകിട്ട് ആറ് മണിക്ക് സ്ഥാനാരോഹണം ചെയ്യും.

ദിവസവും പുലർച്ചെ മൂന്നു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി 11 വരെയും നട തുറക്കും. വെർച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്താണ് പ്രകാശനം. ബുക്ക് ചെയ്യാത്ത 10,000 പേർക്കായി വണ്ടിപ്പെരിയാർ സത്രം, എരുമേലി, പമ്ബ എന്നിവടങ്ങളില്‍ റിയല്‍ ടൈം ഓണ്‍ലൈൻ ബുക്കിങ് (സ്പോട്ട് ബുക്കിങ്) സൗകര്യമുണ്ട്.

About the author

KeralaNews Reporter

Add Comment

Click here to post a comment