പാലക്കാട്: മണ്ഡലത്തിൽ വ്യാപകമായി വോട്ടർപട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ കോടതിയെ സമീപിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. ക്രമക്കേടിന് പിന്നിൽ എൽഡിഎഫും യുഡിഎഫുമാണെന്നും അദ്ദേഹം ആരോപിച്ചു. സരിൻ്റെ വോട്ട് വാടക വീടിൻ്റെ മേൽവിലാസത്തിലാണെന്നും ആ വീട്ടിൽ താമസിക്കുന്നത് വേറെ ആളുകളാണെന്നും കൃഷ്ണകുമാർ ആരോപിച്ചു. ബിജെപിക്ക് അനുകൂലമായി കിട്ടുന്ന വോട്ടുകൾ ആസൂത്രിതമായി നീക്കി, ഇരുമുന്നണികളും വ്യാപകമായി കള്ളവോട്ട് ചേർക്കുകയാണ്. 1,68,000 കള്ളവോട്ടുകൾ സംബന്ധിച്ച് കളക്ടർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. കളക്ടറുടേത് നിഷേധാത്മക നിലപാടെന്നും ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.
അതേസമയം, റിപ്പോര്‍ട്ടര്‍ പുറത്തുകൊണ്ടുവന്ന പാലക്കാട്ടെ വ്യാജ വോട്ട് വിവാദത്തിൽ ഇടപെട്ട് ജില്ലാ കളക്ടർ. സംഭവത്തില്‍ ബിഎല്‍ഒയോട് വിശദീകരണം തേടി. 176-ാം ബൂത്ത് ലെവല്‍ ഒഫീസര്‍ ഷീബയോടാണ് വിശദീകരണം തേടിയത്. നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം.
വ്യാജമായി വോട്ടുകൾ ചേർത്തെന്ന് കണ്ടെത്തിയ മേഖലയിൽ അന്വേഷണം നടത്താൻ റവന്യൂ തഹസിൽദാർക്കും, റിട്ടേണിംഗ് ഓഫീസർമാർക്കും ഇലക്ഷൻ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരമാണ് നടപടി. ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡെപ്യൂട്ടി കളക്ടറുടെ നിർദേശമുണ്ട്.
Add Comment