Kerala

പി വി അൻവറിനെതിരെ ക്രിമിനൽ അപകീർത്തി കേസ് ഫയൽ ചെയ്ത് പി ശശി

കണ്ണൂ‍ർ: പി വി അൻവറിനെതിരെ ക്രിമിനൽ അപകീർത്തി കേസ് ഫയൽ ചെയ്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. തലശ്ശേരി, കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതികളിലാണ് ഹർജി നൽകിയത്. പി വി അൻവറിന് പിന്നിൽ അധോലോക സംഘങ്ങളാണെന്ന് പി ശശി പറഞ്ഞു.

സർക്കാരിന്റെ നീക്കങ്ങളിൽ ഈ അധോലോക സംഘങ്ങൾ അസ്വസ്ഥരാണ്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്ക് നേരെയുള്ള ആക്രമണമെന്നും പി ശശി പറഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിക്കുക, അദ്ദേഹത്തിന്റെ കുടുംബത്തെ ആക്രമിക്കുക എന്നിവയാണ് അൻവറിന്റെ ലക്ഷ്യം. മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനും നിലനിൽപ്പിന്റെ ഭാ​ഗമായുമാണ് അദ്ദേ​ഹം ഇതൊക്കെ ചെയ്യുന്നത്. രാഷ്ട്രീയമായി അധ:പതിച്ചു കഴിഞ്ഞാല്‍ പിന്നെ വ്യക്തിപരമായ ആക്ഷേപം നടത്തി മാത്രമേ നിലനില്‍ക്കാന്‍ കഴിയൂ എന്ന ശ്രമമാണ് പി വി അന്‍വര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും പി ശശി പറഞ്ഞു.

നവീൻ ബാബുവിന്റെ മരണം, ഇ പി ജയരാജന്റെ പുസ്തക വിവാദം എന്നിവയുടെയെല്ലാം പിന്നിൽ ശശി ആണെന്നായിരുന്നു പാലക്കാട് അൻവർ പ്രസംഗിച്ചത്. ഈ ആരോപണങ്ങളിൽ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും മറ്റ് ആരോപണങ്ങളിലും തലശ്ശേരിയിലുമായാണ് കേസ് ഫയൽ ചെയ്തത്. അഡ്വ. കെ വിശ്വൻ മുഖേനയാണ് പി ശശി ഹ‍ർജി സമർപ്പിച്ചത്.

സിപിഐഎം നേതാവ് ഇ പി ജയരാജനെ രക്തസാക്ഷിയെന്നാണ് പി വി അൻവർ എംഎൽഎ വിശേഷിപ്പിച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുമടങ്ങുന്ന ഉപജാപക സംഘം ഇ പി ജയരാജനെ കുടുക്കാൻ ശ്രമിച്ചതാണെന്നും പി വി അൻവർ പ്രതികരിച്ചിരുന്നു. ഇ പിയെ എങ്ങനെയെങ്കിലും പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് ഇവരുടെ നീക്കമെന്നും അൻവർ പറഞ്ഞു.

About the author

KeralaNews Reporter

Add Comment

Click here to post a comment