Kerala

ആത്മകഥാ ബോംബ് ഒരു തരത്തിലും പാര്‍ട്ടിയെ ബാധിച്ചിട്ടില്ല, വിവാദം തള്ളി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ആത്മകഥാ വിവാദം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആത്മകഥാ ബോംബ് ഒരു തരത്തിലും പാര്‍ട്ടിയെ ബാധിച്ചിട്ടില്ല. വിഷയത്തില്‍ ഇ പി ജയരാജന്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. പുസ്തകം വ്യാജമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പൂര്‍ത്തിയാക്കാത്ത പുസ്തകത്തെ കുറിച്ചാണ് വിവാദം കനക്കുന്നത്. പ്രസിദ്ധീകരിക്കുന്നുവെന്ന് പറഞ്ഞ ദിവസം എഴുത്തുകാരന്‍ പറയുകയാണ് അയാള്‍ പുസ്തകം എഴുതി പൂര്‍ത്തിയായിട്ടില്ലെന്ന്. വിഷയം പാര്‍ട്ടി അന്വേഷിക്കേണ്ട ആവശ്യമില്ല. താന്‍ എഴുതിയത് എന്ന് പറഞ്ഞ് പ്രചരിപ്പിച്ചത് തെറ്റാണെന്നും ഇപി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപിയുടെ പ്രതികരണത്തെ പാര്‍ട്ടി വിശ്വസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട് സംഭവിച്ചത്. പ്രധാനമന്ത്രി നേരില്‍ വന്ന് കണ്ടതാണ്. മൂന്നുമാസം കഴിഞ്ഞപ്പോള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര നിലപാട്. കേരളത്തേക്കാള്‍ ചെറിയ ദുരന്തം നടന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കി. സംസ്ഥാനത്തിന്റെ പൊതു താല്പര്യത്തിനൊപ്പം കേന്ദ്രം നില്‍ക്കുന്നില്ല. പ്രതിപക്ഷവും കേരളത്തിന്റെ പൊതു താല്‍പര്യത്തിന് ഒപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങള്‍ ധനസഹായം വാഗ്ദാനം ചെയ്യുകയും അവിടേക്ക് മന്ത്രിമാരെ അയക്കാന്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ കേന്ദ്രം നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. ഇത്തരം കേന്ദ്ര നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.

സാലറി ചാലഞ്ച് പോലും എതിര്‍ത്ത യുഡിഎഫ് കേരളത്തിന്റെ പൊതുതാത്പര്യത്തിനൊപ്പമല്ല എന്നത് വ്യക്തമാണ്. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ കോണ്‍ഗ്രസും ബിജെപയും ഒരുമിച്ച് നില്‍ക്കുകയാണ്. കള്ളപ്പണം പിടിക്കുമെന്ന് പറഞ്ഞാണ് കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇന്ന് ബിജെപി കള്ളപ്പണത്തില്‍ കുളിച്ച് നില്‍ക്കുന്ന അവസ്ഥയിലാണുള്ളത്. കൊടകര കുഴല്‍പ്പണക്കേസില്‍ 28 പ്രതികളെ അറസ്റ്റ് ചെയ്തു. കേസ് ഫലപ്രദമായി കേരള പൊലീസ് കൈകാര്യം ചെയ്തു. എന്നാല്‍ അവര്‍ക്ക് ഇടപെടാന്‍ സാധിക്കാത്ത കുഴല്‍പ്പണവുമയി ബന്ധപ്പെട്ട് കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് അയച്ചിട്ടും ഒരു നിലപാട് സ്വീകരിക്കാന്‍ അവര്‍ക്കായിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

എല്‍ഡിഎഫിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. പാലക്കാടും വടകരയും തൃശ്ശൂരും ചേര്‍ന്നുള്ള ഡീലുണ്ട് എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവരികയാണ്. തൃശൂരിലെ വിജയത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ വോട്ടാണ്.

രാഷ്ട്രീയപ്രശ്‌നങ്ങളാണ് രാജിവെക്കലിന് പിന്നിലുള്ളത്. പലയിടത്തും ബിജെപി കോണ്‍ഗ്രസ് പരസ്യമായ ബന്ധമുള്ളതായി അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി തിരിച്ചുപിടിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്. പാലക്കാടിലെ ജനത എല്‍ഡിഎഫിന് അനുകൂലമായി മാറുന്നു. ഷാഫി പറമ്പിലിന് കിട്ടിയ വോട്ട് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കില്ല. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകും. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പാലക്കാട് മത്സരം നടക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

മുനമ്പം പ്രശ്‌നത്തില്‍ മതസാഹോദര്യത്തെ തകര്‍ത്ത് നേട്ടം ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. മത രാഷ്ട്രവാദ ശക്തികള്‍ ഇടപെടുന്നുണ്ട് എന്നത് പകല്‍വെളിച്ചം പോലെ കാണാനാകും. പ്രകോപനപരമായ നിലപാടുകള്‍ നാടിന്റെ സാമുദായിക ഐക്യത്തെ ഇല്ലാതാക്കും. വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്.

വയനാട് ഉപതിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച പ്രകടനം പാര്‍ട്ടി കാഴ്ചവയ്ക്കും. ചേലക്കരയില്‍ ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തോടെ ജയിക്കാനൊരുങ്ങുകയാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.