പാക് അധീന കാശ്മീരില്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ പര്യടനം റദ്ദാക്കി ഐസിസി. 2025 ചാമ്പ്യന്‍സ് ട്രോഫി കിരീടവുമായി പാക് അധീന കാശ്മീരിന്റെ ഭാഗമായ സ്കാര്‍ഡു, മുറെ, മുസാഫറാബാദ് എന്നീ പ്രദേശങ്ങളില്‍ പര്യടനം നടത്താന്‍ പാകിസ്താന് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. ഇതാണ് ഐസിസി റദ്ദാക്കിയത്.
ഈ നഗരങ്ങളെ ട്രോഫി പര്യടനയാത്രയില്‍ ഉള്‍പ്പെടുത്തുന്നതായി പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഐസിസിയുടെ തീരുമാനം. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) എതിര്‍പ്പിനെ തുടര്‍ന്നാണ് പാക് അധീന കാശ്മീരിലെ (പിഒകെ) തര്‍ക്കഭൂമിയുടെ പരിധിയില്‍ വരുന്ന നഗരങ്ങളില്‍ ട്രോഫി പര്യടനം നടത്തുന്നത് ഐസിസി റദ്ദാക്കിയത്. നവംബര്‍ 16 മുതല്‍ 24 വരെയാണ് ചാമ്പ്യന്‍സ് ട്രോഫിയുടെ രാജ്യവ്യാപക ട്രോഫി ടൂര്‍ പിസിബി പ്രഖ്യാപിച്ചത്.
എട്ട് ടീമുകള്‍ മാറ്റുരയ്ക്കാനെത്തുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലാണ് പാകിസ്താനില്‍ നടക്കുന്നത്. അതേ സമയം സുരക്ഷാ കാരണങ്ങളാല്‍ പാകിസ്താനില്‍ കളിക്കാന്‍ വരില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ബിസിസിഐ. ഇന്ത്യയുടെ മത്സരം ദുബായിലേക്ക് മാറ്റി ഹൈബ്രിഡ് മോഡലില്‍ കളി നടത്തണമെന്ന ആവശ്യവും ബിസിസിഐ ഉന്നയിച്ചിരുന്നു.
എന്നാല്‍ ഇത് വരെയും പാക് ക്രിക്കറ്റ് ബോര്‍ഡ് ഇതിന് പച്ചക്കൊടി കാണിച്ചിട്ടില്ല. ഇതിനെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫി 2025 ലെ വേദി ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റുന്നതിനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ ടൂര്‍ണമെന്റ് ബഹിഷ്കരിക്കുന്നതടക്കം ആലോചിക്കുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്.
അവസാനമായി 2008 ഏഷ്യ കപ്പിലാണ് പാകിസ്താനില്‍ ഇന്ത്യ അവസാനമായി കളിച്ചത്. 2023ല്‍ പാകിസ്താനില്‍ ഏഷ്യ കപ്പ് ടൂര്‍ണമെന്റ് നടന്നപ്പോഴും ഇന്ത്യ പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നില്ല. ഹൈബ്രിഡ് രീതിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലായിരുന്നു നടത്തിയിരുന്നത്.
Add Comment