Kerala

ശുചീകരണ തൊഴിലാളികളെ ജാതി വിളിച്ച് അധിക്ഷേപിച്ചിട്ടില്ല; കൗൺസിലർ ഗായത്രി ബാബു

തിരുവനന്തപുരം: നഗരസഭാ കവാടത്തിന് മുൻപിൽ പ്രതിഷേധിക്കുന്ന ശുചീകരണ തൊഴിലാളികളെ ജാതി വിളിച്ച് അധിക്ഷേപിച്ചിട്ടില്ലെന്ന് കൗൺസിലറായ ഗായത്രി ബാബു.

തൊഴിലാളികളുടെ മാലിന്യം ശേഖരിക്കുന്ന 12 ഓളം വാഹനങ്ങള്‍ നഗരസഭ പിടിച്ചെടുത്തിരുന്നു. അവ വിട്ടുനൽകണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതിനിടയിലാണ് തൊഴിലാളികൾ ഗായത്രി ബാബു തങ്ങളുടെ ജാതി വിളിച്ച് അധിക്ഷേപിച്ചെന്ന് ആരോപിച്ചത്. എന്നാൽ അത്തരത്തിൽ ഒന്നും ഉണ്ടായിട്ടില്ലെന്നും ആരോപണം വെറുതെയാണെന്നും ഗായത്രി ബാബു പറഞ്ഞു.

കേരളത്തിൽ തോട്ടിപ്പണി അവസാനിപ്പിച്ച ഒരു പാർട്ടിയാണ് സിപിഐഎം. മനുഷ്യമലിനങ്ങൾ കൈകാര്യം ചെയേണ്ടത് ഇങ്ങനെയല്ല. ഇവർ ഹരിതകർമസേനയുടെ ഭാഗമാക്കണം. എന്നാൽ തൊഴിലാളികൾക്ക് പിന്നിൽ ഉള്ള നേതൃത്വം ഇതിന് തയ്യാറാകുന്നില്ല. ഹരിതകർമ സേനയുടെ കീഴിൽ വരണമെന്ന് പറഞ്ഞതിനുള്ള ദേഷ്യമാകാം ഒരുപക്ഷെ ഈ സമരത്തിന് കാരണമെന്നും കൗൺസിലർ പറഞ്ഞു.

നാല് തൊഴിലാളികളാണ് നഗരസഭയുടെ കവാടത്തിന് മുകളില്‍ കയറി പ്രതിഷേധിച്ചത്. നഗരസഭയുടെ ഗേറ്റിന് ഇരുവശവും മറ്റ് തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയുമായിരുന്നു. ശേഷം പൊലീസ് എത്തി ഇവരെ താഴെയിറക്കി. എന്നാൽ ഇതിനിടെ നിരവധി തൊഴിലാളികൾ നഗരസഭ കെട്ടിടപരിസരത്തേയ്ക്ക് കയറി.