കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്കില്‍ വോട്ടുചെയ്യാനെത്തിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. ഔദ്യോഗിക പാനല്‍ ഏര്‍പ്പെടുത്തിയ വാഹനങ്ങള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. മൂന്ന് വാഹനങ്ങളിലായായിരുന്നു വോട്ടര്‍മാരുടെ സംഘം പുറപ്പെട്ടത്. കൊയിലാണ്ടിയില്‍ വെച്ചായിരുന്നു വാഹനത്തിന് നേരെ കല്ലേറുണ്ടായത്. പറയഞ്ചേരി ഗവ.ബോയ്സ് ഹയർസെക്കന്ററി സ്കൂളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കോണ്‍ഗ്രസ് വിമതരില്‍ നിന്ന് ഭരണം പിടിക്കാന്‍ ഔദ്യോഗിക പാനല്‍ മത്സര രംഗത്തുണ്ട്. സിപിഐഎം പിന്തുണയോടെയാണ് വിമത കോണ്‍ഗ്രസ് വിഭാഗം മത്സരിക്കുന്നത്. ബാങ്ക് ഭരണസമിതിയും ഡിസിസിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് പ്രതിസന്ധിക്ക് കാരണമായത്.
ബാങ്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ഹാളിലേക്ക് പ്രവേശിക്കാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം ഗിരീഷിനെ പൊലീസ് തടഞ്ഞിരുന്നു. ഐഡി കാര്‍ഡ് ഹാജരാക്കിയ ശേഷമാണ് എം ഗിരീഷിനെ അകത്ത് പ്രവേശിപ്പിച്ചത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ പരസ്യമായ ഭീഷണിയെ വകവയ്ക്കാതെയാണ് വിമതര്‍ കോണ്‍ഗ്രസ് പാനലിനെതിരെ മത്സരിക്കുന്നത്. 35,000 ത്തോളം അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ കൈവശമുളള പഴക്കമേറിയ ബാങ്കുകളിലൊന്നാണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി രണ്ട് തട്ടിലാണ്.
Add Comment