Kerala

കേന്ദ്ര സർക്കാർ സ്വീകരിച്ചത് ഒരിക്കലും കാണിക്കാൻ പാടില്ലാത്ത സമീപനം; മന്ത്രി കെ ​രാ​ജൻ

തിരുവനന്തപുരം: വയനാട്ടിൽ അർഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിക്കുന്നുവെന്നും, കേരളത്തോട് മാത്രം എന്തുകൊണ്ടാണ് കേന്ദ്രത്തിന് ഈ സമീപനമെന്നും ചോദിച്ച് റവന്യൂ മന്ത്രി കെ ​രാ​ജൻ. കേന്ദ്രത്തിന്റേത് ദുരന്ത സമീപനമാണ്, കേരളത്തിന്റെ ആവശ്യങ്ങളിൽ ഇനിയും ആലോചിക്കുന്നു എന്നാണ് കേന്ദ്രം പറയുന്നത്. ഇനിയും എത്ര നാൾ കാത്തിരിക്കണം. മറ്റ് സംസ്ഥാനങ്ങൾക്ക് കൊടുത്ത സഹായം കേരളത്തിന് എന്തുകൊണ്ടില്ല എന്ന് കോടതി തന്നെ ചോദിച്ചില്ലേ എന്നും കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു.

കോടതിയിൽ സർക്കാരിന് പ്രതീക്ഷയുണ്ട്. സുപ്രീംകോടതി തന്നെ ഇത്തരം ഘട്ടങ്ങളിൽ കേന്ദ്രം എങ്ങനെ പെരുമാറണം എന്ന് പല തവണ പറഞ്ഞിട്ടുണ്ട് എന്നാൽ ഫെഡറൽ സംവിധാനത്തിന് ചേർന്ന നടപടിയല്ല കേന്ദ്രത്തിന്റേത്. ചൂരൽ മലക്കാരുടെ മനസിൽ കേന്ദ്രത്തിന് ഇപ്പോൾ സംരംക്ഷകരുടെ രൂപമല്ല എന്നും മന്ത്രി കൂട്ടിചേ‍ർത്തു.

എസ് ഡി ആർ എഫിലെ ഫണ്ട് വിനിയോഗത്തിന് കൃത്യമായ മാനദണ്ഡമുണ്ട്. ആ ഫണ്ട് വിനിയോഗത്തിന് കേന്ദ്രത്തിന്റെ അനുമതി വേണ്ട. എസ് ഡി ആർ എഫിലെ ഫണ്ട് ചൂരൽ മല ദുരന്ത ബാധിതർക്ക് മാത്രമായി ഉപയോഗിക്കാം എന്ന് ഉത്തരവിറക്കുമോ കേന്ദ്രം എന്നും മന്ത്രി കെ രാജൻ ചോദിച്ചു. കേരളം നൽകിയ മെമ്മോറാണ്ടത്തിൽ ഒരു പിഴവും ഇല്ല. പിഴവ് ഉണ്ട് എന്ന് ഇതുവരെ കേന്ദ്രം പറഞ്ഞിട്ടുമില്ല എന്നും മന്ത്രി വ്യക്തമാക്കി.