Kerala

ഇ പി ജയരാജനെ പുറത്താക്കാനാണ് സിപിഐഎമ്മിന്റെ നീക്കമെന്ന് പി വി അന്‍വര്‍ എംഎല്‍എ

തിരുവനന്തപുരം: ഇ പി ജയരാജനെ പുറത്താക്കാനാണ് സിപിഐഎമ്മിന്റെ നീക്കമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഡിസി ബുക്‌സ് മിണ്ടാത്തത് പേടിച്ചിട്ടാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ബിജെപിക്കാണ് വിജയ സാധ്യതയെന്നും പി സരിനുള്‍പ്പെടെ ബിജെപിക്ക് വോട്ട് ചെയ്യാനാണ് സാധ്യതയെന്നാണ് വിശ്വസ്തരില്‍ നിന്ന് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു.

ഇപിയുടെ സ്റ്റോറി ആര്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്? ഇപി ജയരാജനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് നീക്കം. എന്തുകൊണ്ടാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഡിസി ബുക്‌സ് മിണ്ടാത്തത്? ഓര്‍ഗനൈസ്ഡ് ക്രൈം ആണ് ഇപിയുടെ പുസ്തക വിവാദം. പി ശശിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് ഇതിന് പിന്നില്‍. എല്ലാം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടിയാണ്. മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണ് എല്ലാ കാര്യങ്ങളും നടക്കുന്നത്. പേടിച്ചിട്ടാണ് ഡിസി ബുക്‌സ് വാ തുറക്കാത്തത്. പി ശശി ഡിസി ബുക്‌സിനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. സ്വന്തമായി ഒരു തീരുമാനമെടുക്കാന്‍ ശേഷിയുള്ള മന്ത്രിമാര്‍ ആരും സഭയിലില്ല.

തലശ്ശേരി കോടതി ഇന്ത്യയില്‍ തന്നെ അല്ലെ, പാകിസ്ഥാനില്‍ അല്ലല്ലോ. ഇപി ജയരാജന്‍ വിവാദവുമായി ബന്ധപ്പെട്ട് തന്റെ പക്കല്‍ ചില തെളിവുകള്‍ ഉണ്ട്. ചില ഫോണ്‍ റെക്കോര്‍ഡുകള്‍ ഉള്‍പ്പടെ ഉണ്ട്. അതൊക്കെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

ചേലക്കര തിരഞ്ഞെടുപ്പില്‍ സുധീര്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ പോവുകയാണ്. ചേലക്കരയില്‍ ഇടതുപക്ഷത്തിന്റെ വോട്ട് ഉള്‍പ്പടെ സുധീറിന് ലഭിച്ചിട്ടുണ്ട്. സമ്മിശ്ര പ്രതികരണങ്ങളാണെങ്കിലും ചേലക്കരയില്‍ സുധീറിനാണ് സാധ്യത. താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ഒക്കെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിട്ടുണ്ട്. പാലക്കാട് തിരഞ്ഞടുപ്പിലും അത് പ്രതിഫലിക്കും. അതില്‍ നിന്ന് രക്ഷപെടാന്‍, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ശശി തനിക്കെതിരെ കേസ് കൊടുത്തത്. തനിക്കു പിന്നില്‍ ഉണ്ടെന്ന് ശശി പറയുന്ന കള്ളക്കടത്തു സംഘം ആരാണ് എന്ന് ശശി വ്യക്തമാക്കട്ടെ. പി ശശിയുടെ പരാതിയില്‍ ഒരു ആശങ്കയും ഇല്ല. പി ശശി അയക്കുന്ന വാറോലയ്ക്ക് മറുപടി അയക്കുന്ന പണി അല്ല തനിക്കെന്നും അന്‍വർ പറഞ്ഞു.

പാലക്കാട് ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ മുഖ്യമന്ത്രിയും, ശശിയുമാണ് ഏറ്റെടുത്തതെന്നും പി വി അന്‍വര്‍ പറഞ്ഞു. എല്ലാ മന്ത്രിമാരും മാനേജര്‍മാരാണ്. വയനാട്ടില്‍ നേതാക്കളൊന്നും എസി റൂമില്‍ നിന്നും പുറത്ത് ഇറങ്ങിയിട്ടില്ല. മൂന്ന് ഡിസിസി പ്രസിഡന്റുമാർ ഉണ്ടായിട്ടും പ്രവര്‍ത്തനം നടന്നിട്ടില്ല. ലീഗിന് സ്വാധീനം ഉള്ളിടത്താണ് വോട്ടിംഗ് നടന്നത്. വയനാട്ടില്‍ യുഡിഎഫില്‍ ഏകോപനം ഉണ്ടായില്ല. സരിന് ചിഹ്നം പോലും കൊടുക്കാതെ പരാജയപ്പെടുത്തും. എല്ലാം ബിജെപിയെ വിജയിപ്പിക്കാന്‍ വേണ്ടിയാണ്. മുഖ്യമന്ത്രിയുടെ ഓഫിസാണ് കൊള്ളസംഘം. പാലക്കാട് വളരെ പരിതാപകരമായ സാഹചര്യമാണുള്ളത്. പാലക്കാട്ടെ കോണ്‍ഗ്രസില്‍ വിഭാഗീയതയുണ്ട്. ലീഗ് അവരുടെ എല്ലാ ശക്തിയും ഉപയോഗിച്ചാണ് വയനാട്ടില്‍ പ്രചാരണത്തിനെത്തുന്നത്. കോണ്‍ഗ്രസ് നിര്‍ജ്ജീവമായിരുന്നു. ലീഗിനുള്ള ശേഷി ഉപയോഗിച്ച് ലീഗ് പാലക്കാട് പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷ്ണകുമാര്‍ എല്ലാ വീട്ടുകാരെയും വ്യക്തിപരമായി കാണുന്നുണ്ട്. മുസ്ലിം കുടുംബങ്ങളില്‍ ഉള്‍പ്പടെ കൃഷ്ണകുമാര്‍ എത്തിയിട്ടുണ്ട്. ബിജെപിക്ക് അല്ല, തനിക്ക് വോട്ട് തരണം എന്നാണ് കൃഷ്ണകുമാര്‍ ആവശ്യപ്പെടുന്നത്. പാലക്കാട് ബിജെപി ജയിക്കാനാണ് സാധ്യത. പി സരിനും ഭാര്യയും വിശ്വസ്തരും ഉള്‍പ്പെടെ ബിജെപിക്ക് വോട്ട് ചെയ്യാനാണ് സാധ്യത. ഇത് സരിന്റെ തന്നെ വിശ്വസ്തരില്‍ നിന്ന് ലഭിച്ച വിവരമാണെന്നും പി വി അന്‍വര്‍ പറഞ്ഞു.

മലപ്പുറം വഴിക്കടവില്‍ മഞ്ഞപ്പിത്തം പടരുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. തന്നോടുള്ള വിരോധം തീര്‍ക്കുകയാണ്. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ ഹര്‍ത്താല്‍ നടത്തി അവിടെ നിലവിലുള്ള കഞ്ഞികുടി മുട്ടിക്കരുത്. പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ പോയി സമരം നടത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പി ശശിയുടെ പരാതിയില്‍ താന്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് ഇപ്പോഴും മറുപടി ലഭിച്ചിട്ടില്ല. സത്യസന്ധമായ അന്വേഷണം നടന്നിട്ടില്ല. അജിത് കുമാറിനെ ഒരു കസേരയില്‍ നിന്നും മറ്റൊരു കസേരയിലേക്ക് മാറ്റി. അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ഡിജിപി കൊടുത്ത റിപ്പോര്‍ട്ടിലുണ്ട്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. ഗോള്‍ഡ് അപ്പ്രൈസര്‍ ഉണ്ണിയുടെ അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഒരു അന്വേഷണവും നടന്നില്ല. റിദാന്‍ ബാസില്‍ കേസിലും മാമി കേസിലും എല്ലാം ഇരുട്ടില്‍ തപ്പുകയാണ് സര്‍ക്കാര്‍. സന്ദീപാനന്ദ ഗിരി കേസും അട്ടിമറിച്ചുവെന്നും അന്‍വർ ആരോപിച്ചു.

About the author

KeralaNews Reporter

Add Comment

Click here to post a comment