Local

കുറ്റിക്കാട്ടൂരിൽ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ

കുറ്റിക്കാട്ടൂർ: രണ്ട് കിലോ മുന്നൂറ് ഗ്രാം കഞ്ചാവുമായി കുറ്റിക്കാട്ടൂരിൽ അതിഥി തൊഴിലാളി പൊലീസിന്റെ പിടിയിലായി. കൊൽക്കത്ത ശാരദാബാദ് സ്വദേശി നജീമുള്ള (26) ആണ് പിടിയിലായത്. ഡാൻസാഫും മെഡിക്കൽ കോളേജ് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.

കുറ്റിക്കാട്ടൂർ മേഖലയിൽ വ്യാപകമായി കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
ഏതാനും ദിവസങ്ങളായി ഡാൻസാഫിന്റെ നേതൃത്വത്തിൽ ഈ ഭാഗത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.
അതിനിടയിലാണ് ഇന്നലെ രാത്രി കഞ്ചാവുമായി പോവുകയായിരുന്ന നജീമുള്ള ഡാൻസാഫിന്റെ വലയിലായത്. ഇയാളുടെ താമസ സ്ഥലത്ത് നിന്നും വലിയപാക്കറ്റുകളിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി. കഞ്ചാവ് വിൽപ്പന നടത്തുന്നതിന് ആവശ്യമായ പാക്കറ്റുകളും റൂമിൽ നിന്ന് പിടിച്ചെടുത്തു.

500 രൂപ മുതൽ വില വരുന്ന പാക്കറ്റുകൾ ആക്കിയാണ് ഇയാൾ കഞ്ചാവ് വില്പന നടത്തിയിരുന്നത് പ്രധാനമായും അതിഥി തൊഴിലാളികൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലുമാണ് ഇയാളുടെ കഞ്ചാവ് വില്പന. നിർമ്മാണ മേഖലയിലെ തൊഴിലാളി എന്ന നിലയിലാണ് കുറ്റിക്കാട്ടൂരിൽ റൂമെടുത്ത് ഇയാൾ താമസിക്കുന്നത്. ഓരോ തവണയും നാട്ടിൽ പോയി മടങ്ങുമ്പോൾ കഞ്ചാവുമായാണ് ഇയാൾ കോഴിക്കോട്ടെത്തുന്നത്.

മെഡിക്കൽ കോളേജ് എസ് ഐ സൈഫുള്ള,
ഡാൻസാഫ് എസ്ഐ മനോജ് എടയേടത്ത്,
മെഡിക്കൽ കോളേജ് എസ്ഐ സജി,
സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ സരുൺ കുമാർ, എം.കെ ഷിനോജ്, എൻ.കെ ശ്രീശാന്ത്, മുഹമ്മദ് മഷ്ഹൂർ, ബിജു ജയിംസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.