Kerala

മലപ്പുറത്തിന്റെ സന്ദേശം മതനിരപേക്ഷതയുടെയും മാനവ സൗഹൃദത്തിന്റേതുമാണ്; സന്ദീപ് വാര്യർ

മലപ്പുറം: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയതിന് പിന്നാലെ സന്ദീപ് വാര്യര്‍ പാണക്കാട് എത്തി മുസ്ലിം ലീഗ് നേതാക്കളെ കണ്ടു.

ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ സന്ദീപിനെ സ്വീകരിച്ചു.

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, കെ.പി.സി.സി സെക്രട്ടറി വി.ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്.

ലീഗിനോടുള്ള തന്റെ മുന്‍ നിലപാടുകള്‍ ബിജെപിയുടെ ഭാഗമായി നിന്നപ്പോള്‍ കൈക്കൊണ്ടതാണന്നും മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് ലീഗ് എന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. കെപിസിസി ആവശ്യപ്പെട്ട പ്രകാരമാണ് സന്ദീപ് വാര്യര്‍ പാണക്കാട്ടേക്ക് പോയത്.

സന്ദര്‍ശത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച സന്ദീപ് വാര്യര്‍, ബി.ജെ.പിയെ തല്ലിയാലും അവര്‍ നന്നാവില്ലെന്നും പറഞ്ഞു. തന്നെ കൊല്ലാന്‍ ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്നായിരിക്കും ഇന്നോവ അയക്കുന്നതെന്നും സന്ദീപ് പ്രതികരിച്ചു. മുന്നണിയില്‍ നില്‍ക്കുമ്ബോള്‍ മുസ്ലിം ലീഗിനെ ബഹുമാനിക്കേണ്ടതുണ്ടെന്നും സന്ദീപ് പറഞ്ഞു.

മലപ്പുറത്തിന്റെ സന്ദേശം മതനിരപേക്ഷതയുടെയും മാനവ സൗഹൃദത്തിന്റേതുമാണ്. അത് മലപ്പുറത്തിന് കിട്ടാനുള്ള പ്രധാനപ്പെട്ട കാരണം കുടപ്പനയ്ക്കല്‍ തറവാടും പാണക്കാട് കുടുംബവുമാണ്. വലിയൊരു പ്രയത്‌നം അവരുടേതായുണ്ട്.

കേരളത്തിനും രാജ്യത്തിനും മാതൃകയായിട്ടുള്ള മലപ്പുറത്തിന്റെ മാനവിക സൗഹാര്‍ദ്ദത്തിന് അടിത്തറ പാകിയത് പാണക്കാട് കുടുംബമാണ്. രാഷ്ട്രീയത്തിനപ്പുറം അത് എല്ലാവരും അംഗീകരിച്ച ഒന്നാണതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ വാതില്‍ കത്തിനശിച്ച സമയത്ത് അവിടേക്ക് ആദ്യം ഓടിയെത്തിയത് പാണക്കാട് ശിഹാബ് തങ്ങളാണ്. അതൊക്കെ വളരെ അത്ഭുതത്തോടെ കണ്ടുനിന്ന ആളായിരുന്നു ഞാന്‍.

അത്തരത്തില്‍ ഉയര്‍ന്ന ചിന്തയോടുകൂടി മനുഷ്യര്‍ തമ്മില്‍ സഹോദരങ്ങളെ പോലെ പോണം. മാനവസൗഹാര്‍ദ്ദമാണ് വേണ്ടത് എന്ന സന്ദേശം എല്ലാക്കാലത്തും നല്‍കിയിട്ടുള്ള കുടുംബം. ഇതിന് മുന്നില്‍ കൂടി കടന്നുപോകുമ്ബോഴൊക്കെ അത്ഭുതത്തോടെയാണ് ഞാന്‍ നോക്കി കണ്ടിട്ടുള്ളത്.

ഏത് സമയത്തും ആര്‍ക്കും സഹായം ചോദിച്ച്‌ കടന്നുവരാന്‍ കഴിയുന്ന ഹൃദയ വിശാലതയുള്ള തറവാടാണ് ഇത്. ഇന്നലെ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത് ഇവിടേക്ക് കടന്നുവരാന്‍ സാധിക്കുമ്ബോള്‍ അതില്‍ അങ്ങേയറ്റം ചാരിതാര്‍ഥ്യമുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.