മുതിർന്ന സി.പി.എം. നേതാവ് പി.ജയരാജൻ വധശ്രമക്കേസിലെ പ്രതികളായ ആർ.എസ്.എസ്. പ്രവർത്തകരെ കുറ്റവിമുക്തരാക്കിയ ജഡ്ജിയെ കേരള റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയർപേഴ്സണ്‍ ആയി സംസ്ഥാന സർക്കാർ നിയമിച്ചു.
കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് പി. സോമരാജനെയാണ് സംസ്ഥാന സർക്കാർ കേരള റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയർപേഴ്സണ്‍ ആയി നിയമിച്ചത്. ഹൈക്കോടതി നല്കിയ പാനലില്‍ നിന്നാണ് ജസ്റ്റിസ് സോമരാജനെ തിരഞ്ഞെടുത്തത്.
സംസ്ഥാന തദ്ദേശഭരണവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ശർമ്മിള മേരി ജോസഫാണ് ജസ്റ്റിസ് പി. സോമരാജനെ കേരള റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയർപേഴ്സണായി നിയമിച്ച് കൊണ്ടുള്ള ഉത്തരവിറക്കിയത്. തനിക്കെതിരായ വധശ്രമക്കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിയെ പി. ജയരാജൻ നിശിതമായി വിമർശിച്ചിരുന്നു. ജുഡീഷ്യറിയുടെ പല തലങ്ങളിലും ആർ.എസ്.എസിന്റെ ഇടപെടലുകള്‍ സാർവ്വത്രികമായി ചർച്ച ചെയ്യപ്പെടുന്നത് കൊണ്ടു തന്നെ കേരള ഹൈക്കോടതിയുടെ ഈ കേസിലെ നടപടിക്രമങ്ങള്‍ താൻ സസൂക്ഷ്മം പിന്തുടർന്നിരുന്നുവെന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു ജയരാജന്റെ വിമർശനം.
ജയരാജൻ വധശ്രമക്കേസിലെ ആറുപ്രതികളില്‍ ഒരാളെ ഒഴികെ മറ്റുള്ളവരെയെല്ലാം ജസ്റ്റിസ് പി.സോമരാജന്റെ ഹൈക്കോടതി ബെഞ്ച് വെറുതെ വിട്ടിരുന്നു. കേസിന്റെ കാര്യത്തില്‍ കോടതി നീതീകരിക്കാനാകാത്ത ധൃതി കാണിച്ചുവെന്നും ജയരാജൻ കുറ്റപ്പെടുത്തിയിരുന്നു. ജയരാജൻ വധശ്രമക്കേസില്‍ ജസ്റ്റിസ് സോമരാജൻ പുറപ്പടിവിച്ച ഉത്തരവിന് എതിരേ സംസ്ഥാന സർക്കാരും ജയരാജനും ഫയല്‍ ചെയ്ത അപ്പീലുകള്‍ നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ ആണ്.
Add Comment