Kerala

കുറുവ സംഘത്തിൽപ്പെട്ട സന്തോഷ്‌ സെൽവത്തെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം

ആലപ്പുഴ: മണ്ണഞ്ചേരിയിലെ മോഷണ കേസിൽ അറസ്റ്റിലായ കുറുവ സംഘത്തിൽപ്പെട്ട സന്തോഷ്‌ സെൽവത്തെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം. സന്തോഷ് കുറുവ സംഘത്തിലെ അം​ഗമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു, സംഘത്തെ പറ്റി കൂടുതൽ അറിയാൻ ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇന്ന് അന്വേഷണസംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

പ്രതിയുടെ നെഞ്ചിൽ ഉണ്ടായിരുന്ന പച്ച കുത്തലാണ് അന്വേഷണ സംഘത്തിന് ഇയാളെ പിടികൂടാൻ സഹായമായത്. കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുറുവ സംഘത്തിൽപ്പെട്ട 14 പേരാണ് മോഷണങ്ങൾക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേരളത്തിൽ 8 കേസുക്കൾ ഉൾപ്പടെ 30 ഓളം കേസുകളിൽ ഇയാൾ പ്രതിയാണ്.

സന്തോഷില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ നിന്നും ഇവരെ കൂടി പിടികൂടാൻ കഴിയുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ആലപ്പുഴ ഡിവൈഎസ്പി എം ആർ മധു ബാബുവിന്റെ നേതൃത്വത്തിൽ ഏഴ് അംഗ സ്പെഷ്യൽ സ്ക്വാഡ് ആണ് കുറുവ മോഷണക്കേസ് അന്വേഷിക്കുന്നത്.

അതേസമയം സന്തോഷിനൊപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് ഇതുവരെ പ്രതി ചേർത്തിട്ടില്ല. ഇയാൾക്ക് കുറുവ സംഘവുമായുള്ള ബന്ധത്തെപ്പറ്റി പൊലീസ് അന്വേഷിച്ചുവരികയാണ്. എറണാകുളം പറവൂരിൽ നടന്ന മോഷണ ശ്രമങ്ങൾക്ക് പിന്നിൽ കുറവ സംഘം തന്നെയാണോ എന്നും പരിശോധിക്കുകയാണ് പൊലീസ്.

About the author

KeralaNews Reporter

Add Comment

Click here to post a comment