പാലക്കാട്: പാലക്കാട് വിജയം കൈവരിച്ചാൽ വിവിധ തരം പദ്ധതികൾ കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകി യു ഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാടിൻ്റെ മെഡിക്കൽ കോളേജിനെ നെക്സ്റ്റ് ലെവലിലേക്ക് ഉയർത്തുക, പാലക്കാട് കായിക പ്രതിഭകൾക്ക് അന്താരാഷ്ട്ര നിലവാരം ഉള്ള സ്റ്റേഡിയം, പാലക്കാട് നൈറ്റ് ലൈഫിനായുള്ള പദ്ധതി, ടൂറിസം പ്ലസ്സ് അഗ്രികൾച്ചർ റിലേറ്റ് ചെയ്ത പദ്ധതി എന്നിവയാണ് രാഹുൽ പാലക്കാടിന് നൽകുന്ന വാഗ്ദാനങ്ങൾ.
കോൺഗ്രസ് തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. പാലക്കാട് യുഡിഎഫിൻ്റെ കോട്ടയാണെന്നും മതേതര മുന്നണിക്ക് സ്വാധീനമുള്ള സ്ഥലമാണെന്നും രാഹുൽ പ്രതികരിച്ചു. പാണക്കാട് തങ്ങളെ പറ്റിയുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തെയും രാഹുൽ പരിഹസിച്ചു. ‘പിണറായി വിജയൻ്റെ പ്രസ്താവന ഞാൻ കേട്ടു. കെ സുരേന്ദ്രൻ്റെ പ്രസ്താവന പി ആർ ഏജൻസി എഴുതികൊടുത്തപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും മാറി പോയതാണെന്ന് തോന്നുന്നു. കാരണം കെ സുരേന്ദ്രൻ പറയേണ്ട പ്രസ്താവനയാണ് പിണറായി വിജയൻ പറഞ്ഞത്. ഉള്ളിലുളള വർഗീയത ഇടക്കൊന്നു എത്തി നോക്കി പോകുന്നതാണ്. വളരെ നീചവും നിന്ദ്യവുമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്.’
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശം തങ്ങളുടെ രാഷ്ട്രീയ വിജയമാണെന്നും രാഹുൽ പറഞ്ഞു. ‘ ചെറിയ വിവാദങ്ങൾക്ക് പിന്നാലെ പോകാൻ ഞങ്ങളില്ല. ഞങ്ങൾ ഈ വിഷയത്തെ കാണുന്നത് വർഗീയതയ്ക്ക് എതിരായുള്ള പോരാട്ടമായാണ്. ആ രാഷ്ട്രീയ പോരാട്ടത്തിലെ വലിയ വിജയം തന്നെയാണ് അപ്പുറത്ത് അതിൻ്റെ വക്താവായിരുന്ന ഒരാൾ ഇന്ന് മതേതര മുന്നണിയുടെ ഭാഗമായി വരുന്നത് എന്ന് പറയുന്നത് ചെറിയ കാര്യമല്ല. അത് അധികാരത്തിന് വേണ്ടി വരുന്നതല്ല. പാലക്കാട് മുൻസിപ്പാലിറ്റിയിലോ കേരള നിയസഭയിലോ ഇന്ത്യൻ പാർലമെൻ്റിലോ ഒന്നും അധികാരത്തിൽ ഇല്ലാത്ത ഒരു പാർട്ടിയിലേക്ക് വരുന്നത് പ്രത്യയശാസ്ത്രപരമായി വരുന്നതാണ്. അത് ഞങ്ങൾക്ക് രാഷ്ട്രീയപരമായ വിജയമാണ്’, രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.
Add Comment