ഡല്‍ഹി: ആം ആദ്മി പാർട്ടിയ വിമർശിച്ചുകൊണ്ട് മന്ത്രിസ്ഥാനം രാജിവെച്ച കൈലാഷ് ഗെലോട്ട് ബിജെപിയില്‍ ചേർന്നു.
ഉച്ചയ്ക്ക് 12.30ന് ബിജെപി ആസ്ഥാനത്ത് എത്തി കൈലാഷ് അംഗത്വം സ്വീകരിച്ചു.
ഡല്‍ഹി ഗതാഗത മന്ത്രി ആയിരുന്ന ഗെലോട്ട് ഇന്നലെയാണ് മന്ത്രി സ്ഥാനം രാജിവെച്ചത്. ആം ആദ്മി പാർട്ടി കടുത്ത വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് പറഞ്ഞും കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടുമുള്ള കത്ത് നല്കിയ ശേഷമായിരുന്നു രാജി. കേന്ദ്രത്തിനെതിരെ പോരാടാൻ സമയം ചിലവഴിച്ചാല്‍ ഡല്‍ഹിക്ക് ഒരു പുരോഗതിയും ഉണ്ടാകില്ലെന്നും കത്തില്‍ ആരോപിച്ചിരുന്നു.
ആം ആദ്മി പാർട്ടിയില്‍ നിന്ന് വേർപിരിയുകയല്ലാതെ തനിക്ക് മറ്റ് മാർഗമില്ലെന്നും അതിനാല്‍ താൻ ആം ആദ്മി പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുകയാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു. പല വാഗ്ദാനങ്ങളും പാലിക്കപ്പെടാതെ പോയെന്നും അദ്ദേഹം രാജിക്കത്തില്‍ പറയുന്നു. ശുദ്ധമായ നദിയായി മാറുമെന്ന് തങ്ങള്‍ വാഗ്ദാനം ചെയ്ത യമുനയെ തന്നെ ഉദാഹരണമായി എടുക്കണമെന്നും വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇപ്പോള്‍ യമുന നദി മുമ്ബത്തേക്കാള്‍ കൂടുതല്‍ മലിനമായിരിക്കുന്നുവെന്നും കൈലാഷ് പറഞ്ഞു. ജഫ്ഗഢ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ അജിത് സിംഗ് ഖാർഖാരിയെ പരാജയപ്പെടുത്തിയാണ് കൈലാഷ് ഗെലോട്ട് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Add Comment