Politics

ഉള്ളിലെ സംഘി ഇടക്ക് പുറത്തു വരുന്നു; മുഖ്യമന്ത്രിയുടെ തങ്ങൾ വിരുദ്ധ പ്രസ്താവനയ്ക്കെതിരെ രാഹുൽ

പാലക്കാട്: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിരെ വിമർശനവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.

പാണക്കാട് തങ്ങള്‍ക്കെതിരെ പിണറായിയുടെ പരാമർശം പൊളിറ്റിക്കല്‍ അറ്റാക്ക് അല്ല, ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്തേക്ക് വരുന്നതാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.

സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണെന്നായിരുന്നു പിണറായി പാലക്കാട് പറഞ്ഞത്. പിആർ ഏജൻസികള്‍ ഒളിപ്പിച്ച്‌ വെച്ചിരിക്കുന്ന പിണറായി വിജയനിലെ സംഘി ഇടക്ക് പുറത്തേക്ക് വരുകയാണെന്നും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പറയേണ്ട രീതിയിലുള്ള പ്രതികരണമാണ് പിണറായി പറഞ്ഞതെന്നും രാഹുല്‍ പറഞ്ഞു. സുരേന്ദ്രന് സംസാരിക്കാൻ പിണറായി അവസരം ഇല്ലാതാക്കിയെന്നും രാഹുല്‍ പരിഹസിച്ചു.

തനിക്കെതിരെയുള്ള കള്ളപ്പണം, ട്രോളി ബാഗ് ആരോപണമെല്ലാം തെരഞ്ഞെടുപ്പില്‍ പോസിറ്റീവ് ആയി ഗുണം ചെയ്യുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ട്രോളി ബാഗ് ആരോപണത്തില്‍ ഇത്രയും നാളായിട്ടും പൊലീസ് ഒരു എഫ്‌ഐആർ എടുത്തിട്ടില്ല. ജനം ഇതെല്ലാം കാണുന്നുണ്ട്. അതെല്ലാം വോട്ടായി മാറും. സിപിഎം ആണ് പാലക്കാട്ട് കോണ്‍ഗ്രസിന്‍റെ മുഖ്യ എതിരാളി. മികച്ച പോളിംഗ് ഉണ്ടാകും. പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായാണ് പ്രചരണത്തിലുള്ളത്. ആധികാരികമായ ജയം കോണ്‍ഗ്രസിനായിരിക്കുമെന്നും രാഹുല്‍ പറയുന്നു.

ബിജെപിയെ സഹായിക്കാനാണ് പാലക്കാട്ട് കോണ്‍ഗ്രസ് ഡീല്‍ എന്നാണ് സിപിഎം ആരോപിക്കുന്നത്. അവർ തന്നെ പറയുന്നു ഷാഫി പറമ്ബലിന്‍റെ പ്രിയപ്പെട്ട ആളെയാണ് നിർത്തിയതെന്ന് പറയുന്നു. ഏറ്റവും അടുത്തയാളെ തോല്‍ക്കാനായി നിർത്തുമോ. ഇന്ന് പറയുന്ന കാര്യമല്ല സിപിഎം നാളെ പറയുക. ഇത്തരം ആരോപണങ്ങളെല്ലാം ട്രോളി ബാഗ് പോലെ ഒരു ട്രോളായി മാറുകയേ ഒള്ളൂവെന്ന് രാഹുല്‍ പറഞ്ഞു. അതിനിടെ പാണക്കാട് തങ്ങള്‍ക്കെതിരായ പിണറായി വിജയൻറെ പരാമർശതിനെതിരെ ലീഗ് നേതചാവ് കെ എം ഷാജിയും രംഗത്ത് വന്നു. പിണറായി വിജയൻ സംഘി ആണെന്നും പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറാൻ വന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് കെഎം ഷാജി പറഞ്ഞു.