ഐ.എസ്.ആർ.ഓയുടെ അത്യാധുനിക വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20(ജിസാറ്റ് എൻ 2) വിജയകരമായി വിക്ഷേപിച്ചു.
ചൊവ്വാഴ്ച അർധരാത്രി 12.01-ഓടെയാണ് ഫ്ളോറിഡയിലെ കേപ്പ് കനാവറലില്‍ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിൻ്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ജിസാറ്റുമായി പറന്നുയർന്നത്. 34 മിനിറ്റുകള്‍ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹം വേർപെട്ട് ഭ്രമണപഥത്തില്‍ എത്തിച്ചേർന്നു.
ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ.) നിർമിച്ച ഉപഗ്രഹത്തിന്റെ ഭാരം 4,700 കിലോഗ്രാമാണ്. ഐ.എസ്.ആർ.ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എല്‍.വി.എം-3യുടെ പരമാവധി വാഹകശേഷിയേക്കാള്‍ കൂടുതലാണ് ഈ ഭാരം. അതിനാലാണ് വിക്ഷേപണത്തിന് സ്പേസ് എക്സിന്റെ സഹായം തേടിയത്. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങള്‍ നല്കാൻ ജിസാറ്റ്-20 സഹായിക്കും.
ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും. ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങള്‍ക്കുള്ളില്‍ ഇന്റർനെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായിക്കും.
Add Comment