Kerala

പാലക്കാട് ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നു; സാദിഖലി തങ്ങള്‍

മലപ്പുറം: പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി എല്‍ഡിഎഫ് സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ നിശബ്ദ പ്രചരണ ദിവസം പരസ്യം നല്‍കിയതില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പാലക്കാട് ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

പരസ്യത്തിലൂടെയും പ്രസംഗത്തിലൂടെയും അത്തരം ശ്രമമാണ് നടക്കുന്നത്. അറിഞ്ഞു ചെയ്താലും അറിയാതെ ചെയ്താലും ശിക്ഷ കിട്ടും. മനപൂര്‍വ്വം ചെയ്യുന്നവര്‍ക്ക് അവിടെ നിന്നും ഇവിടെ നിന്നും ശിക്ഷ കിട്ടുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഭിന്നതയിലൂടെ നേട്ടം ഉണ്ടാക്കുന്നത് ഫാസിസ്റ്റുകള്‍. ജനങ്ങളെ ഭിന്നിപ്പിച്ചാണ് അവര്‍ അധികാരത്തില്‍ വന്നത്. പാലക്കാട്ടും ചിലര്‍ അത് പരീക്ഷിക്കാന്‍ ശ്രമിക്കുന്നു. നിഷ്‌ക്കളങ്കരായ വോട്ടര്‍മാരെ ഭിന്നിപ്പിച്ചു വോട്ടുകള്‍ വിഭിന്ന തട്ടിലാക്കാന്‍ ശ്രമിക്കുന്നു. ഇത്തരം ശ്രമങ്ങളെ കരുതിയിരിക്കണം.

പ്രസംഗങ്ങളിലൂടെയാണെങ്കിലും പരസ്യങ്ങളിലൂടെയാണെങ്കിലും കരുതിയിരിക്കണം. പാലക്കാട്ട് അത് വിലപോകുമെന്ന് വിശ്വസിക്കുന്നില്ല. അവിടെ കുറച്ച് ബുദ്ധി ഉള്ളവരാണ്. കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയില്‍ ഫാസിസ്റ്റുകള്‍ക്ക് സ്ഥാനമില്ല. അറിഞ്ഞു കൊണ്ട് ചില ചെയ്തികള്‍ ചെയ്തു പോകുന്നു. അതിനെ വിമര്‍ശിക്കാതിരിക്കാന്‍ കഴിയില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ സുപ്രഭാതം, സിറാജ് എന്നീ പത്രങ്ങളില്‍ എല്‍ഡിഎഫ് നല്‍കിയ പരസ്യം വിവാദമായിരുന്നു. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ ഉയര്‍ത്തി കാട്ടിയായിരുന്നു പരസ്യം. ‘സരിന്‍ തരംഗം’ എന്ന വലിയ തലക്കെട്ട് പരസ്യത്തില്‍ കാണാം. എന്നാല്‍ പരസ്യത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്.

സന്ദീപ് പല തവണയായി പറഞ്ഞ വിവിധ വര്‍ഗീയ പരാമര്‍ശങ്ങളാണ് പരസ്യത്തിലുള്ളത്. കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സിഎഎ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, ഗാന്ധി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമര്‍ശങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ പത്രങ്ങളിലെ എല്‍ഡിഎഫ് പരസ്യം അനുമതി വാങ്ങാതെയാണെന്നുള്ള വിവരവും പുറത്ത് വരുന്നുണ്ട്. എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നല്‍കിയത്. യഥാര്‍ത്ഥത്തില്‍ പ്രീ സര്‍ട്ടിഫിക്കേഷന്‍ വാങ്ങിയ ശേഷമാണ് പരസ്യം നല്‍കേണ്ടത്.