Politics

ഇരട്ട വോട്ട് ആരോപണത്തില്‍ കുടുങ്ങി; ബിജെപി ജില്ലാ പ്രസിഡന്റെ കെ എം ഹരിദാസ് വോട്ട് ചെയ്യാന്‍ എത്തിയില്ല

പാലക്കാട്: ഇരട്ട വോട്ട് ആരോപണത്തില്‍ കുടുങ്ങിയ ബിജെപി ജില്ലാ പ്രസിഡന്റെ കെ എം ഹരിദാസ് വോട്ട് ചെയ്യാന്‍ എത്തിയില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരമാണ് വോട്ട് ചെയ്യേണ്ടതില്ല എന്ന നിലപാട് ഹരിദാസ് സ്വീകരിച്ചത്. ജില്ലാ പ്രസിഡന്റിനെതിരായ ഇരട്ട വോട്ട് ആരോപണം പാലക്കാട് ബിജെപിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷീണമുണ്ടാക്കിയിരുന്നു.

ഹരിദാസിന് ഇരട്ട വോട്ടുണ്ടെന്ന് ആരോപിച്ച് 73-ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചിരുന്നു. ഹരിദാസ് വോട്ട് ചെയ്യാന്‍ എത്തിയാല്‍ ബൂത്ത് ഏജന്റ് ഒബ്ജക്ഷന്‍ ഉന്നയിക്കുമെന്ന് വി കെ ശ്രീകണ്ഠന്‍ എംപി പറഞ്ഞിരുന്നു. ആറ് മണിവരെ ബൂത്തിന് പുറത്ത് തമ്പടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹരിദാസ് വോട്ട് ചെയ്യാന്‍ എത്തുന്നില്ല എന്ന് കണ്ടതോടെ പിരിഞ്ഞുപോകുകയായിരുന്നു.

കെ എം ഹരിദാസിന് ഇരട്ടവോട്ടുണ്ടെന്ന ആരോപണവുമായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് രംഗത്തെത്തിയത്. ഹരിദാസിന് പട്ടാമ്പിയിലും പാലക്കാട്ടുമായി ഇരട്ടവോട്ടുണ്ടെന്നായിരുന്നു ആരോപണം. അതേസമയം ആരോപണം തള്ളി ഹരിദാസും രംഗത്തെത്തി. താന്‍ കുറേക്കാലമായി പാലക്കാട് ബിജെപി ജില്ലാ ഓഫീസിലാണ് താമസിക്കുന്നതെന്നും അതിനാലാണ് വോട്ട് ഇവിടേയ്ക്ക് മാറ്റിയതെന്നുമായിരുന്നു ഹരിദാസിന്റെ പ്രതികരണം. ഇരട്ട വോട്ട് ഒഴിവാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ഹരിദാസ് പറഞ്ഞിരുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment