Sports

ബോർഡർ-​ഗാവസ്കർ പരമ്പരയിൽ മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷ; ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കൽ

ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-​ഗാവസ്കർ പരമ്പരയിൽ മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കൽ. ‘പരിശീലന സെഷനുകൾ ഏറെ മികച്ചതായിരുന്നു. പരമ്പരയിലെ വെല്ലുവിളി എത്രത്തോളമാണെന്ന് മനസിലാകുന്നുണ്ട്. വലിയൊരു പരമ്പര വരാനിരിക്കുന്നതിന്റെ ​ഗൗരവം എല്ലാവർക്കുമുണ്ട്. മികച്ച പരിശീലനം ലഭിച്ചതിന്റെ സന്തോഷം എല്ലാ താരങ്ങൾക്കുമുണ്ട്. അത് പരമ്പരയിലും പ്രതിഫലിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഞാൻ; ബിസിസിഐ വീഡിയോയിൽ ദേവ്ദത്ത് പടിക്കൽ പറഞ്ഞു.

നാളെ മുതലാണ് ബോർഡർ-​ഗാവസ്കർ പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. പെർത്താണ് മത്സരവേദി. 1992ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2018ന് ശേഷം തുടർച്ചയായി നാല് തവണ ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയാണ് വിജയികൾ. അതിൽ രണ്ട് തവണ ഓസ്ട്രേലിയയിലായിരുന്നു വിജയികൾ. ഇത്തവണ ഓസീസ് മണ്ണിൽ വീണ്ടും പരമ്പര നേട്ടമാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.

2025 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0 ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ.