Local

ഗാർഹിക പീഡനക്കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്യണമെന്ന് യുവതി

മലപ്പുറം: ഭർത്താവിനെതിരെ നല്‍കിയ ഗാർഹിക പീഡനക്കേസില്‍ അറസ്റ്റ് വൈകുന്നത് തന്‍റെ ജീവന് ഭീഷണിയാണെന്ന് യുവതി വാർത്തസമ്മേളനത്തില്‍ ആരോപിച്ചു.

കൊണ്ടോട്ടി മേലങ്ങാടി കാരാളില്‍ വീട്ടില്‍ വി.പി. ജുല്‍ന ബീഗമാണ് ഒളിവില്‍ കഴിയുന്ന ഭർത്താവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

കഴിഞ്ഞ 11നാണ് ഭർത്താവ് കാരാളില്‍ വീട്ടില്‍ സല്‍മാൻ മർദിച്ചെന്നുകാട്ടി ജുല്‍ന കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയത്. എട്ടു വർഷമായി തന്നെ നിരന്തരം ആക്രമിക്കാറുണ്ടെന്നും അവസാന മർദനമാണ് പരാതിക്ക് കാരണമെന്നും യുവതി പറഞ്ഞു. 10ന് രാവിലെ ഭർത്താവ് ക്രൂരമായി മർദിച്ചെന്നും പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും പരാതിയിലുണ്ട്.

കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തൃപ്തികരമായി അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതിക്ക് ഉന്നതരുമായി ബന്ധമുള്ളതിനാല്‍ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും യുവതി പറഞ്ഞു. യുവതിയുടെ മാതാവ് വി. സുജീറ, ബന്ധു മോയി വയലില്‍ എന്നിവരും വാർത്തസമ്മേളത്തില്‍ പങ്കെടുത്തു.

ഭർത്താവിനെതിരായ ഗാർഹികപീഡനക്കേസില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ജുല്‍ന വനിത കമീഷനില്‍ പരാതി നല്‍കി. കലക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ വ്യാഴാഴ്ച നടത്തിയ സിറ്റിങ്ങില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ വനിത കമീഷൻ കൊണ്ടോട്ടി പൊലീസിന്റെ റിപ്പോർട്ട് തേടും.