Kerala

അമ്മുവിൻറെ മരണം; ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസബന്ദ്. നഴ്സിങ് വിദ്യാർഥിനി അമ്മു സജീവൻറെ മരണത്തിൽ ആരോഗ്യ വകുപ്പിന് ഗുരുതര അനാസ്ഥ ഉണ്ടായെന്നാരോപിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോളേജിൻറെയും ആരോഗ്യ വകുപ്പിൻറെയും വീഴ്ചയിൽ പ്രതിഷേധിച്ചും ജുഡീഷ്യൽ അന്വേഷണം ആവശ്യപെട്ടുമാണ് പത്തനംതിട്ട ജില്ലയിൽ ഇന്ന് (25-11–24 ) തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നതെന്ന് എബിവിപി അറിയിച്ചു.

ആരോഗ്യ വകുപ്പിൻറെ അനാസ്ഥയ്ക്ക് എതിരെ രണ്ടാം ഘട്ട പ്രതിഷേധം എന്ന നിലയിലാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നലെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലേയ്ക്ക് എബിവിപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയിരുന്നു. മൂന്ന് വിദ്യാർഥിനികളുടെ മാത്രം അറസ്റ്റിലൊതുക്കാവുന്നതല്ല അമ്മു സജീവൻറെ മരണത്തിനു പിന്നിലെ ദുരൂഹതയെന്നാണ് മാർച്ച് ഉദ്ഘാടനം ചെയ്യവെ എബിവിപി ജില്ലാ അധ്യക്ഷൻ അരുൺ മോഹൻ പറഞ്ഞത്.

അമ്മു സജീവനെ ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ ഒന്നര മണിക്കൂർ താമസമുണ്ടായെന്നും അതിനെത്തുടർന്നുള്ള ആന്തരിക രക്തശ്രാവമാണ് മരണ കാരണമെന്നും അരുൺ മോഹൻ ആരോപിച്ചു. പത്തനംതിട്ട കളക്ട്രേറ്റിനു മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് ആരോഗ്യ മന്ത്രിയുടെ ഓഫീസിനു മുന്നിൽ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.

ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലെ അനാസ്ഥയിൻ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എ ബി വി പി ഹൈക്കോടതിയെ സമീപിക്കുമെന്നും ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അരുൺ മോഹൻ പറഞ്ഞു. അമ്മുവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസങ്ങളിലെല്ലാം എബിവിപി പ്രതിഷേധ രംഗത്തുണ്ട്. മകളുടെ ജീവന് ഭീഷണിയുണ്ടെന്ന് അമ്മുവിൻറെ പിതാവ് രേഖാമൂലം പരാതി നൽകിയിട്ടും നടപടി എടുക്കാതിരുന്ന പ്രിൻസിപ്പലിനെയും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ രണ്ട് മണിക്കൂറിന് ശേഷം മാത്രമാണ് മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയത് എന്നതും ഏറെ ദുരൂഹമാണെന്ന് എബിവിപി ആരോപിക്കുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment