Kerala

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; എല്ലാ സമുദായങ്ങളുടേയും വോട്ട് യുഡിഎഫിന് ലഭിച്ചെന്ന് കെ മുരളീധരന്‍

കൊച്ചി: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സമുദായങ്ങളുടേയും വോട്ട് യുഡിഎഫിന് ലഭിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആര്‍എസ്എസിന്റെയോ എസ്ഡിപിഐയുടെയോ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ല. പാലക്കാട്ടെ ജനങ്ങളോടാണ് വോട്ട് ചോദിച്ചത്. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കുന്നത് പോലെ ന്യൂനപക്ഷ വര്‍ഗീയതയെയും യുഡിഎഫ് എല്ലാകാലത്തും എതിര്‍ത്തിട്ടുണ്ടെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.

‘പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സമുദായങ്ങളുടേയും വോട്ട് യുഡിഎഫിന് ലഭിച്ചു. നേമത്ത് എസ്ഡിപിഐ വോട്ട് സിപിഐഎം വാങ്ങിയിട്ടില്ലേ. നേമത്ത് വോട്ട് ചെയ്തത് ശിവന്‍കുട്ടിക്കാണെന്നും അവരെ സഹായിച്ചെന്നും എസ്ഡിപിഐ പരസ്യമായി പറഞ്ഞിരുന്നു. യുഡിഎഫിന് വോട്ട് ചെയ്യുമ്പോള്‍ എസ്ഡിപിഐ വര്‍ഗീയ പാര്‍ട്ടിയും എല്‍ഡിഎഫിന് വോട്ട് ചെയ്യുമ്പോള്‍ ജനാധിപത്യ പാര്‍ട്ടിയും ആവുന്നതെങ്ങനെ. ആര്‍എസ്എസിന്റെയോ എസ്ഡിപിഐയുടെയോ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ല. നയത്തില്‍ വിശ്വാസമുള്ള ആര്‍ക്കും വോട്ട് ചെയ്യാം. പാലക്കാട്ടെ ജനങ്ങളോടാണ് വോട്ട് ചോദിച്ചത്. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കുന്നത് പോലെ ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ത്തിട്ടുണ്ട്’, കെ മുരളീധരന്‍ പറഞ്ഞു.

ഭരണഘടനാ വിരുദ്ധ വികാരം ശക്തമാണെന്ന് പാലക്കാട്ടെയും ചേലക്കരയിലേയും ഫലങ്ങളില്‍ നിന്നും വ്യക്തമാണ്. പാലക്കാട് വോട്ട് ക്രോഡീകരിക്കാന്‍ കഴിഞ്ഞെങ്കില്‍ ചേലക്കരയില്‍ അത് വിഭജിച്ചുപോയി. ബിജെപി വോട്ട് വര്‍ധിപ്പിച്ചതും പി വി അന്‍വറിന്റെ ഡിഎംകെയ്ക്ക് ലഭിച്ച 4000 വോട്ടും അതാണ് സൂചിപ്പിക്കുന്നത്. ചേലക്കരയിലെ രമ്യാ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള മുഖ്യ കാരണം സുപരിചിതയാണ് എന്നതാണ്. ഭരണ വിരുദ്ധ വികാരം ചിതറിയതില്‍ പി വി അന്‍വറിനും പങ്കുണ്ട്. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതുപോലെ രമ്യാ ഹരിദാസിനെതിരെയും അന്‍വര്‍ രംഗത്തെത്തിയിരുന്നു. അന്‍വറിന്റെ പാര്‍ട്ടിക്ക് കിട്ടിയ വോട്ടും യുഡിഎഫിന്റേതാണ്. അന്‍വറിന്റെ പ്രവര്‍ത്തനംകൊണ്ട് ചേലക്കരയില്‍ പിണറായിക്കാണ് മെച്ചം കിട്ടിയതെന്നും മുരളീധരന്‍ പറഞ്ഞു.

സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ മുരളീധരന്‍ ശക്തമായി എതിര്‍ത്തു. മുഖ്യമന്ത്രിയും ഗോവിന്ദന്‍ മാഷും ഇ പി ജയരാജനും തുടക്കത്തില്‍ ലീഗിനെ പരമാവധി സുഖിപ്പിച്ചു. യുഡിഎഫ് വിട്ടുപോകാന്‍ ഒരു കാരണവും കാണുന്നില്ലെന്നും എന്നാല്‍ എല്‍ഡിഎഫിലേക്ക് പോകാന്‍ ആയിരം കാരണം ഉണ്ടെന്നുമാണ് സാദിഖലി തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. അതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. സാദിഖലി തങ്ങള്‍ക്കെതിരായ നീക്കത്തെ നേരിടും. യുഡിഎഫ് ഒറ്റക്കെട്ടായി തങ്ങള്‍ക്കൊപ്പമുണ്ടാകും. മുഖ്യമന്ത്രി ബുദ്ധിമുട്ടേണ്ട. സമസ്തയുടെ വോട്ടും ലീഗിന്റെ വോട്ടും എല്‍ഡിഎഫിന് കിട്ടാന്‍ പോകുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടി വിടാനുള്ള സരിന്റെ തീരുമാനത്തോടും കെ മുരളീധരന്‍ പ്രതികരിച്ചു. ‘പാര്‍ട്ടിയില്‍ നിന്നും ആരും വിട്ടുപോകുന്നതിനോട് യോജിപ്പില്ല. പരമാവധി എല്ലാവരെയും പിടിച്ചുനിര്‍ത്തണം. സരിന് എടുത്തുചാട്ടം കൂടിപോയി. രാഷ്ട്രീയ പരിജ്ഞാനം ഇല്ലാത്തതിനാലാവാം. മുന്നണി വിട്ടുപോയവര്‍ തിരിച്ചുവരണണെന്നാണ് ആഗ്രഹിക്കുന്നത്. മറ്റുകാര്യങ്ങള്‍ നേതൃത്വമാണ് തീരുമാനിക്കേണ്ടത്’, മുരളീധരന്‍ പറഞ്ഞു.

About the author

KeralaNews Reporter

Add Comment

Click here to post a comment