Kerala

സ്വന്തം വാർഡിൽ പോലും ജയിക്കാൻ കഴിയാത്ത ആളാണ് കൃഷ്ണകുമാർ, വോട്ടു കുറഞ്ഞതിൻ്റെ കാര്യം അയാളുടെ ഭാര്യയോട് ചോദിക്കണം, പൊട്ടിത്തെറിച്ച് ശിവരാജൻ

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബിജെപിയില്‍ പൊട്ടിത്തെറി തുടരുന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരേയും പാലക്കാട് ചുമതല ഉണ്ടായിരുന്ന രഘു നാഥിനെതിരെയും സ്ഥാനാർത്ഥി കൃഷ്ണ കുമാറിനെതിരേയും വിമർശനവുമായി ദേശീയ കൗണ്‍സില്‍ അംഗം എൻ ശിവരാജൻ രംഗത്തെത്തി.

തോല്‍വിയില്‍ നേതൃത്വത്തിന്റെ വിലയിരുത്തലുകള്‍ തള്ളിയാണ് ശിവരാജൻ്റെ വിമർശനം.

തോല്‍വിയുടെ ഉത്തരവാദിത്തം സുരേന്ദ്രനാണ്. അത് കൗണ്‍സിലർമാരുടെ തലയില്‍ കെട്ടി വെക്കേണ്ട. പ്രഭാരി രഘു നാഥ് എസി മുറിയില്‍ കഴിയുക ആയിരുന്നു. രഘുനാഥിനെ പ്രഭാരി സ്ഥാനത്തു നിന്ന് മാറ്റണം എന്ന് 6 മാസം മുൻപ് ആവശ്യപ്പെട്ടിരുന്നു. പ്രഭാരിയുടെ ജോലി എസി റൂമില്‍ ഉറങ്ങല്‍ അല്ലെന്നും ശിവരാജൻ പറഞ്ഞു. കൗണ്‍സിലർമാർ അല്ല തോല്‍വിക്ക് കാരണം. വോട്ട് കുറഞ്ഞതിന്റ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം. സ്വന്തം വാർഡില്‍ പോലും ജയിക്കാൻ ആകാത്ത ആള്‍ ആണ് രഘുനാഥ്. എന്റെ ആസ്തി പരിശോധിക്കാം. കൃഷ്ണ കുമാറിന്റെ ആസ്തി പരിശോധിക്കണം. തനിക്ക് വസ്തുക്കച്ചവടം ഇല്ലെന്നും ശിവരാജൻ പറഞ്ഞു.

അതേസമയം, തോല്‍വിയില്‍ ഉയർന്ന വിമർശനങ്ങളില്‍ പരസ്യ പ്രതികരണത്തിനൊരുങ്ങുകയാണ് ബിജെപി കൗണ്‍സിലർമാർ. നഗരസഭ ചെയർമാൻ പ്രമീള ശശിധരൻ ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്വം കൗണ്‍സിലർമാരുടെ തലയില്‍ കെട്ടിവെക്കുന്നതില്‍ പ്രതിഷേധം അറിയിക്കാനാണ് കൗണ്‍സിലർമാരുടെ തീരുമാനം. സ്വന്തം ഭാര്യയുടെ വാർഡില്‍ പോലും വോട്ട് കുറഞ്ഞതെങ്ങനെയെന്നാണ് കൗണ്‍സിലർമാരുടെ ചോദ്യം.