Kerala

വോട്ട് കണക്കുകളുടെ വിശദപരിശോധന; പാലക്കാട് നഗരസഭാപരിധിയില്‍ എന്‍ഡിഎയ്ക്ക് നാല് ബൂത്തുകളില്‍ പത്തില്‍ത്താഴെ വോട്ട്

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസമാകുമ്പോള്‍ മുന്നണികള്‍ വോട്ട് കണക്കുകളുടെ വിശദപരിശോധനയിലാണ്. പ്രത്യേകിച്ച് നൂറില്‍ താഴെ വോട്ടു ലഭിച്ച ബൂത്തുകളെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ച നടക്കുന്നത്.

എന്‍ഡിഎയ്ക്ക് 33 ബൂത്തുകളിലാണ് 100ല്‍ താഴെ വോട്ട് കിട്ടിയത്. അതില്‍ തന്നെ നാല് ബൂത്തുകളില്‍ പത്തില്‍ താഴെ വോട്ടാണ് ലഭിച്ചത്. മൂന്ന് വോട്ട് മാത്രം ലഭിച്ച ബൂത്തുമുണ്ട്.

പാലക്കാട് നഗരസഭാപരിധിയില്‍ എന്‍ഡിഎയ്ക്ക് 13 ബൂത്തുകളില്‍ നൂറില്‍ താഴെ വോട്ട് മാത്രമാണ് ലഭിച്ചത്. അതില്‍ നാലെണ്ണത്തിലാണ് പത്തില്‍ത്താഴെ വോട്ട് ലഭിച്ചത്. ബൂത്ത് 35ല്‍ ഒമ്പത് വോട്ടാണ് ലഭിച്ചത്. 2021ല്‍ ഇവിടെ 13 വോട്ട് ലഭിച്ചിരുന്നു. ബൂത്ത് 102, 102എ ബൂത്തുകളിലായി എട്ട് വോട്ടുകളാണ് ലഭിച്ചത്. 2021ല്‍ ഇവിടെ 11 വോട്ട് ലഭിച്ചിരുന്നു. 103ാം നമ്പര്‍ ബൂത്തിലാണ് മൂന്ന് വോട്ട് ലഭിച്ചത്.

എന്നാല്‍ നഗരസഭയിലെ 36ാം ബൂത്തില്‍ 828 വോട്ടും 56ാം ബൂത്തില്‍ 836 വോട്ട് ലഭിച്ചു. 36ാം ബൂത്തില്‍ യുഡിഎഫിന് 164 വോട്ട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് 56 വോട്ടും കിട്ടി. 56ാം ബൂത്തില്‍ യുഡിഎഫിന് 96 വോട്ടും എല്‍ഡിഎഫിന് 65 വോട്ടും ലഭിച്ചു. എല്‍ഡിഎഫിന് 100ല്‍ത്താഴെ വോട്ടുകിട്ടിയ 31 ബൂത്തുകളാണുള്ളത്. നഗരസഭാപരിധിയിലെ 28 ബൂത്തിലും പിരായിരി പഞ്ചായത്തിലെ മൂന്ന് ബൂത്തിലും 100 വോട്ടില്‍ത്താഴെയുമാണ് ലഭിച്ചത്.

രണ്ട് ബൂത്തില്‍ മാത്രമാണ് യുഡിഎഫിന് വോട്ട് നൂറില്‍ താഴെ പോയത്. രണ്ടും നഗരസഭാ പരിധിയിലുള്ളത്. ഈ രണ്ട് ബൂത്തുകളും നഗരസഭാ പരിധിയിലാണ്.

Tags