Kerala

ജമാ അത്തെ ഇസ്‌ലാമിയുമായി എല്‍ഡിഎഫ് ഒരു ഘട്ടത്തിലും തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയിട്ടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ജമാ അത്തെ ഇസ്‌ലാമിയുമായി എല്‍ഡിഎഫ് ഒരു ഘട്ടത്തിലും തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ സ്വതന്ത്ര പിന്തുണ പ്രഖ്യാപിക്കുക മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സര്‍ക്കാരിനെതിരെ രാഷ്ട്രീയ വിജയം നേടാന്‍ ചേലക്കര ജയിക്കണം എന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. അതിന് എല്ലാ സന്നാഹവും ഒരുക്കി. എന്നിട്ട് ചേലക്കരയില്‍ ഉണ്ടായത് ആരുടെ വിജയമാണ്. ജനങ്ങള്‍ സര്‍ക്കാരിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട് യുഡിഎഫ് നേടിയ വിജയത്തെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ ആ വിജയത്തിന്റെ വഴി മനസിലാക്കേണ്ടതുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. പാലക്കാട്ടെ വിജയത്തിന് വര്‍ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ല എന്ന് രാഹുല്‍ മാങ്കുട്ടത്തില്‍ പറയുന്നുണ്ട്. വി കെ ശ്രീകണ്ഠന്‍ പറഞ്ഞത് എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരുടെ വോട്ട് വാങ്ങി എന്നാണ്.

ആര്‍എസ്എസിന്റെ മറുവശമാണ് ജമാഅത്തെ ഇസ്ലാമിയെന്നും എം വി ഗേവിന്ദന്‍ പറഞ്ഞു. ബിജെപിയില്‍ അടി തുടങ്ങിയിയിട്ടുണ്ട്. അത് ഇനി വലിയ പ്രശ്നമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സരിന്‍ നല്ല സ്ഥാനാര്‍ത്ഥിയായിരുന്നു. നാണംകെട്ട നിലയില്‍ ഉണ്ടാക്കിയ ഭൂരിപക്ഷമാണ് പാലക്കാട്ടേതെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും യുഡിഎഫും മനസ്സിലാക്കണം. കോണ്‍ഗ്രസിന് ആറ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ട്. സുധാകരന്‍, സതീശന്‍, ചെന്നിത്തല, മുരളീധരന്‍, വേണുഗോപാല്‍, ശശി തരൂര്‍ എന്നിവരാകും അടുത്ത തവണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍.

ചേലക്കരയിലേത് കണ്ണഞ്ചിപ്പിക്കുന്ന വിജയമാണെന്നും അദ്ദേഹം പറഞ്ഞു. നൂറിലേറെ സീറ്റ് നേടി എല്‍ഡിഎഫ് തീര്‍ച്ചയായും മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

About the author

KeralaNews Reporter

Add Comment

Click here to post a comment