Kerala

നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് ആവർത്തിച്ച് അമ്മുവിന്റെ അച്ഛന്‍

പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് ആരോപിച്ച് അച്ഛന്‍. പ്രിന്‍സിപ്പാളും വാര്‍ഡനും പറയുന്ന കാര്യങ്ങള്‍ക്ക് സ്ഥിരതയില്ല. കോളേജിന് അടുത്ത് നിരവധി ആശുപത്രികള്‍ ഉണ്ടായിട്ടും കുട്ടിയെ ദൂരേക്ക് കൊണ്ടുപോയത് എന്തിനാണെന്നതില്‍ സംശയമുണ്ട്. കല്ലില്‍ വീണ ഒരാള്‍ക്ക് കാലിന് മാത്രമല്ലല്ലോ പരിക്ക് സംഭവിക്കുകയെന്നും അച്ഛന്‍ ചോദിച്ചു. മകള്‍ക്ക് നീതി ലഭിക്കണം. സംഭവദിവസം ഹോസ്റ്റലില്‍ എന്തോ സംഭവിച്ചിട്ടുണ്ട്. അത് വ്യക്തമാകണം. മകള്‍ ആതമഹത്യ ചെയ്തു എന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പ്രിന്‍സിപ്പള്‍ പറയുന്നത് പലപ്പോഴും പലതാണ്. അദ്ദേഹത്തിന് സ്ഥിരതയില്ല. ഹോസ്റ്റല്‍ വാര്‍ഡനും അധ്യാപകരും ആണ് വിളിച്ചത്. വാര്‍ഡനാണ് ആദ്യം പറഞ്ഞത് കാലിന് ചെറിയ പൊട്ടുണ്ട് എന്ന്. പിന്നീട് ചോദിച്ചപ്പോഴാണ് തുണിയെടുക്കാന്‍ പോയപ്പോള്‍ ടെറസില്‍ നിന്ന് കാല്‍വഴുതി വീണതാണെന്ന്. ഗുരുതരമായ അപകടമാണെന്ന് പറഞ്ഞിട്ടില്ല. കോളേജിന് അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിയിരുന്നെങ്കില്‍ എന്റെ കുഞ്ഞ് ഇപ്പോഴും ജീവിച്ചിരുന്നേനെ. അത്രയും ഉയരത്തില്‍ നിന്ന് വീണു എന്നാണ് പറയുന്നത്. അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും ഡ്രസില്‍ അഴുക്ക് വേണ്ടേ. കല്ലില്‍ വീണു എന്നാണ് പറഞ്ഞത്. കല്ലിന്റെ മുകളില്‍ വീണയാള്‍ക്ക് വയറിലും കാലിലും മാത്രം പരിക്ക് പറ്റുന്നത് എങ്ങനെയാണ്.

മകള്‍ ഇട്ടിരുന്ന യൂണിഫോമിലും അഴുക്കുണ്ടായിരുന്നില്ല. ലിഫ്റ്റില്‍ കയറിയാല്‍ പോലും എന്നെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന കുട്ടിയാണ്. അവള്‍ അങ്ങനെ ഉയരത്തില്‍ നിന്ന് ചാടും എന്നൊന്നും എനിക്ക് വിശ്വസിക്കാനാകുന്നില്ല. സംഭവദിവസം രാവിലെ വിളിച്ചപ്പോഴും അവള്‍ സാധാരണരീതിയിലാണ് സംസാരിച്ചത്. 4.50 മുതല്‍ വൈകീട്ട് ഞാന്‍ മകളെ വിളിക്കുന്നുണ്ട്. പക്ഷേ കോള്‍ എടുത്തില്ല. ഭാര്യ ജോലി കഴിഞ്ഞ് വന്ന് വിളിച്ചുനോക്കി. അപ്പോഴും എടുത്തില്ല. വാര്‍ഡനെ വിളിച്ചു നോക്കി അവരും എടുത്തില്ല. പിന്നേയും തുടര്‍ച്ചയായി വിളിച്ചപ്പോഴാണ് ഫോണ്‍ എടുത്തത്. ഹോസ്റ്റലിലേക്ക് വരുന്ന വഴി സ്‌റ്റെപ്പില്‍ വീണുവെന്നും കാലിന് പൊട്ടുണ്ടെന്നും പറഞ്ഞു. മകള്‍ക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. ആദ്യം സമ്മതിച്ചില്ല പിന്നെ കൊടുത്തു. അമ്മേ നല്ല വേദനയുണ്ട് എന്ന് മാത്രമാണ് മകള്‍ പറഞ്ഞത്. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു എന്നൊന്നും പറഞ്ഞില്ല. സ്ഥിരതയില്ലാത്ത പോലെയാണ് വാര്‍ഡൻ സംസാരിക്കുന്നത്, അമ്മുവിന്റെ അച്ഛന്‍ പറഞ്ഞു.

അമ്മു സജീവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടരിക്കുകയാണ്. ആത്മഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അലീന, അഷിത, അഞ്ജന എന്നിവരെ ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ മാസം 27 രാവിലെ പതിനൊന്ന് മണി വരെയാണ് ഇവരെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

ഈ മാസം 15നാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്നും സഹോദരന്‍ പറഞ്ഞിരുന്നു. റാഗിങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയില്‍ ഈ മൂന്ന് പേര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.

അമ്മുവിന്റെ ഡയറിയില്‍ നിന്നും ലഭിച്ച ‘ഐ ക്വിറ്റ്’ എന്ന എഴുത്ത് ലഭിച്ചതോടെ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ ഡയറിയിലുള്ളത് അമ്മുവിന്റെ കയ്യക്ഷരമല്ലെന്ന് പിതാവ് പറഞ്ഞു. അമ്മുവിന് ഡയറി എഴുതുന്ന സ്വഭാവമില്ലെന്നും മറ്റാരെങ്കിലും എഴുതിയതാകാമെന്നും കുടുംബം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവിധേയരായ സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തത്.